Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻജിസി കോപ്റ്റർ അപകടം: അവസാനത്തെ മൃതദേഹം ലഭിച്ചു; തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

Helicopter Accident കടലിൽ ഹെലികോപ്റ്റർ തകർന്നുവീണ സ്ഥലത്ത് തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നവർ (ഫയൽ ചിത്രം)

മുംബൈ∙ ബോംബെ ഹൈയിലെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലേക്ക് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പറക്കവെ കടലിൽ തകർന്നുവീണ ഹെലികോപ്റ്ററിലുണ്ടായിരുന്ന അവസാനത്തെയാളുടെ മൃതദേഹം കണ്ടെത്തി. തലയില്ലാത്ത ഉടൽ മാത്രമാണു കണ്ടെത്തിയത്. കാണാതായ ഏഴുപേരിൽ അവസാനത്തെയാളായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാൽ ബാബുവിന്റേതാണെന്നാണ് അനുമാനം. ഡിഎൻഎ പരിശോധനയ്ക്കു ബിന്ദുലാലിന്റെ സഹോദരൻ മുംബൈയിലെത്തി രക്തം നൽകിയിട്ടുണ്ട്. ശനിയാഴ്ചയോടെ ഫലം അറിയാം.

ഏഴുപേരിൽ ആറാമത്തെയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ടോടെ കണ്ടെത്തിയിരുന്നു. പൈലറ്റ് വി.സി. കടോചിന്റെ മൃതദേഹമാണ് അന്നു ലഭിച്ചത്. തിരിച്ചറിയാനാവാത്ത വിധം ലഭിച്ച മൃതദേഹം ഡിഎൻഎ പരിശോധന നടത്തിയാണു കടോചിന്റേതാണെന്നു തിരിച്ചറിഞ്ഞത്.

ശനിയാഴ്ചയായിരുന്നു മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ച് ഒഎൻജിസി ഡപ്യൂട്ടി ജനറൽ മാനേജർമാർ, രണ്ടു പൈലറ്റുമാർ എന്നിവര്‍ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്. ജുഹു എയ്റോഡ്രോമിൽനിന്ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിലേക്കു പറന്ന പവൻഹൻസ് ഹെലികോപ്റ്റർ തകരുകയായിരുന്നു. അറ്റകുറ്റപ്പണിക്കു ശേഷം എത്തിച്ച ഹെലികോപ്റ്ററാണു തകർന്നത്.

ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങളും ഒഎൻജിസിയുടെ കപ്പൽ കണ്ടെടുത്തു. റോട്ടർ ബ്ലേഡുകൾ, മെയിൻ ഗിയർബോക്സ്, ടെയിൽ ഗിയർബോക്സ്, രണ്ട് എൻജിനുകൾ, എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ തുടങ്ങിയവയാണ് കണ്ടെടുത്തത്.  

related stories