കള്ളപ്പണത്തിന്റെ കണക്ക് നൽകൂ: കേന്ദ്ര വിവരാവകാശ കമ്മിഷൻ

ന്യൂഡൽഹി ∙ നോട്ട് റദ്ദാക്കലിനുശേഷം പിടിച്ചെടുത്ത കള്ളപ്പണം സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട കണക്കുകൾ ഒരു മാസത്തിനകം നൽകാൻ കേന്ദ്ര റവന്യു വകുപ്പിനു നിർദേശം. ഒരു വർഷം കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ലെന്ന ഖാലിദ് മുണ്ടപ്പള്ളിയുടെ പരാതിയിന്മേലാണു കേന്ദ്ര വിവരാവകാശ കമ്മിഷണർ ആർ.കെ.മാഥുർ ഈ നിർദേശം നൽകിയത്.

പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച ഖാലിദിന്റെ അപേക്ഷ റവന്യു വകുപ്പിനു കൈമാറിയിരുന്നെങ്കിലും അവിടെനിന്നു മറുപടിയുണ്ടായില്ല. മറുപടി വൈകിയതിനു മാപ്പു ചോദിച്ചതിനെ തുടർന്നു കമ്മിഷൻ പ്രധാനമന്ത്രിയുടെ ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു പിഴയിട്ടില്ല.