കട്ടപ്പന∙ അണക്കരയിൽ നിന്നു രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേർ പിടിയിലായ സംഭവത്തിൽ ടിവി സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ. സീരിയൽ നടി കൊല്ലം മുളങ്കാടകം തിരുമുല്ലവാരം ഉഷസിൽ സൂര്യ (36), സഹോദരി ശ്രുതി (29), മാതാവ് രമാദേവി (56) എന്നിവരാണു പിടിയിലായത്.
ഇവരുടെ വീടു കേന്ദ്രീകരിച്ച് എട്ടുമാസമായി കള്ളനോട്ട് നിർമാണം നടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ 500 രൂപ നോട്ടിന്റെ 57 ലക്ഷത്തിന്റെ കള്ളനോട്ട് നിർമാണം പുരോഗമിക്കുകയായിരുന്നു. ഏഴുകോടി രൂപ നിർമിക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു.
സൂര്യയുടെ മുളങ്കാടകം മനയിൽകുളങ്ങര വനിതാ ഐടിഐയ്ക്കു സമീപത്തെ ആഡംബര വീട്ടിൽ നിന്നു കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ, പ്രിന്റർ, മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ തുടങ്ങിയവയും പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ഇവരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂർ നീണ്ടു.
ആറു മാസമായി കൊല്ലത്തെ ആഡംബര വീടു കേന്ദ്രീകരിച്ചു കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പുറ്റടി അച്ചക്കാനം കടിയൻകുന്നേൽ രവീന്ദ്രൻ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേൽ ലിയോ (സാം-44), കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയിൽ കൃഷ്ണകുമാർ (46) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലത്തെ അറസ്റ്റ്.