ന്യൂഡൽഹി∙ നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് വൻതോതിൽ കള്ളപ്പണം പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ്. 2016 നവംബർ മുതൽ 2017 മാർച്ച് വരെ മാത്രം 7,961 കോടി രൂപയാണ് പിടികൂടിയത്. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ കണക്കുകൾ വെളിപ്പെടുത്തിയത്.
ഇക്കാലയളവിൽ 900 കമ്പനികളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നു. വെളിപ്പെടുത്താതെ സൂക്ഷിച്ചിരുന്ന 7,961 കോടി രൂപ ഇവിടങ്ങളിൽനിന്നു പിടിച്ചെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച ശേഷം, ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 18.70 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടിയിട്ടുണ്ട്. മുൻ വർഷം ഇത് 15.70 കോടിയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.