Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രമഴിച്ചു പരിശോധന: ചെന്നൈയിൽ എയർ ഹോസ്റ്റസുമാരുടെ പ്രതിഷേധം

ചെന്നൈ ∙ വസ്ത്രമഴിപ്പിച്ചു ദേഹപരിശോധന നടത്തിയെന്നാരോപിച്ചു സ്പൈസ് ജെറ്റ് എയർ ഹോസ്റ്റസുമാർ ചെന്നൈ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. വിമാനക്കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം. പ്രതിഷേധത്തെത്തുടർന്നു രണ്ടു സർവീസുകൾ ഒരു മണിക്കൂർ വൈകി. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്നു സ്പൈസ് ജെറ്റ് സീനിയർ വൈസ് പ്രസിഡന്റ് കമൽ ഹിങ്കോറാണി അറിയിച്ചു.

ചെന്നൈയിൽ കുറച്ചു ദിവസങ്ങളായി ഇത്തരം പരിശോധന നടത്തുന്നുണ്ടെന്ന് എയർ ഹോസ്റ്റസുമാർ പറയുന്നു. ഫ്ലൈറ്റിൽ നിന്നിറങ്ങിയ ഉടൻ ശുചിമുറിയിൽപോലും പോകാൻ അനുവദിക്കാതെയാണു പരിശോധന. സ്ത്രീസുരക്ഷാ ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്. എന്നാൽ, സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പർശിച്ച് അപമാനകരമായ രീതിയിലാണിതു ചെയ്യുന്നത്. പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് ചിലർ എംഡി അജയ് സിങ്ങിന് ഇ മെയിൽ അയച്ചു. തിങ്കളാഴ്ച ഗുഡ്ഗാവിലെ കോർപറേറ്റ് ഓഫിസിൽ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

അതേസമയം, വിമാനത്തിൽനിന്നു പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകുന്നുവെന്ന പരാതിയെത്തുടർന്നാണു പരിശോധനയ്ക്കു നിർദേശം നൽകിയതെന്നു സ്പൈസ് ജെറ്റ് അറിയിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥരെ സംശയത്തിൽനിന്നു രക്ഷിക്കുകയാണു ലക്ഷ്യമെന്നു ജീവനക്കാർക്കയച്ച സന്ദേശത്തിൽ കമ്പനി പറയുന്നു.