ന്യൂഡൽഹി ∙ എടിഎമ്മുകൾ ശൂന്യം; വീണ്ടും നോട്ട് ദാരിദ്ര്യത്തിന്റെ ദിനങ്ങൾ. പരിഹാരം കാണാൻ കേന്ദ്രം സംസ്ഥാന തല സമിതികൾക്കു രൂപംനൽകി. മൂന്നു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നാണു ധനമന്ത്രാലയം നൽകുന്ന ഉറപ്പ്. 500 രൂപയുടെ നോട്ട് അച്ചടിക്കുന്നത് അഞ്ചിരട്ടിയാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. മൂന്നുമാസമായി കറൻസിക്കു വൻതോതിൽ ആവശ്യമേറിയതാണു ക്ഷാമത്തിനു കാരണമെന്നാണു ധനമന്ത്രാലയത്തിന്റെ വിശദീകരണം. കഴിഞ്ഞ 13 ദിവസത്തിനകം 45,000 കോടി രൂപ അധികം ലഭ്യമാക്കിയിട്ടും ഫലമുണ്ടായിട്ടില്ല.
നോട്ടുകൾ നീരവ് മോദിയുടെ കീശയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരുടെ കീശയിൽനിന്ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മോഷ്ടിച്ചു; അതു നീരവ് മോദിയുടെ കീശയിലിട്ടു, രാജ്യത്തു പണമില്ലാതായി
– രാഹുൽ ഗാന്ധി
താൽക്കാലികം
വേണ്ടത്ര കറൻസിയുണ്ട്. ബാങ്കുകളിലും പണമുണ്ട്. ഈ താൽക്കാലിക പ്രശ്നം ഉടൻ പരിഹരിക്കും.
– ധനമന്ത്രി അരുൺ ജയ്റ്റ്‌ലി