ഐസോൾ∙ മിസോറമിലെ ചക്മ സ്വയംഭരണ ജില്ലാ കൗൺസിലിൽ (സിഎഡിസി) ഭരണം പിടിക്കാൻ ബിജെപിയെ തുണയ്ക്കുന്നത് എക്കാലത്തെയും രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിലാണു ബിജെപിയും കോൺഗ്രസും കൈകോർക്കുന്നത്. ആകെ 20 അംഗങ്ങളുള്ള കൗൺസിലിൽ എട്ടു സീറ്റിൽ ജയിച്ച മിസോ നാഷനൽ ഫ്രണ്ടാണ് (എംഎൻഎഫ്) വലിയ ഒറ്റക്കക്ഷി. അഞ്ച് അംഗങ്ങളുണ്ട് ബിജെപിക്ക്. കോൺഗ്രസിന് ആറും. ധാരണ പ്രകാരം ബിജെപിയുടെ ശാന്തി ജിബാൻ ചക്മ സിഎഡിസിയുടെ ഭരണത്തലവനാകും.
തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യം രൂപപ്പെട്ടതു പ്രാദേശിക നേതാക്കൾ തമ്മിലുള്ള ധാരണപ്രകാരമാണെന്നും ഇതിനു വിപുലമായ അർഥമില്ലെന്നും കോൺഗ്രസ് നേതാവും സംസ്ഥാന സ്പോർട്സ് മന്ത്രിയുമായ സോഡിൻ തുങ്ഗ പറഞ്ഞു. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന സിഎഡിസി അംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നു ബിജെപി ആദ്യം പറഞ്ഞിരുന്നു. ബിജെപിക്കു മേധാവിത്വം കിട്ടുമെന്നു വന്നതോടെ നിലപാടു മാറ്റി. ബിജെപിയുമായി സഖ്യമുണ്ടാക്കി ഭരണത്തിലേറാമെന്നായിരുന്നു എംഎൻഎഫിന്റെ കണക്കു കൂട്ടൽ. എന്നാൽ ഭരണത്തലവൻ തങ്ങളുടെ അംഗമായിരിക്കുമെന്നു ബിജെപി നിലപാട് സ്വീകരിച്ചതോടെ ചർച്ച പൊളിഞ്ഞു.