നടൻ വിശാലിന് എതിരെ സംവിധായകർ

ചെന്നൈ ∙ സിനിമകളുടെ വ്യാജ പതിപ്പു തടയുന്നതിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റ് വിശാൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഒരുസംഘം നടൻമാരും സംവിധായകരും നിർമാതാക്കളും രംഗത്ത്. സംവിധായകരായ ഭാരതിരാജ, ടി.രാജേന്ദ്രൻ എന്നിവരാണു പ്രതിഷേധക്കാരുടെ മുൻനിരയിൽ. 

വ്യാജ പതിപ്പു പ്രചരിപ്പിക്കുന്നവരുമായി വിശാലിന് അടുപ്പമുണ്ടെന്നും ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുമായി ബന്ധമുള്ള ലൈക്ക നിർമാണ കമ്പനിയുമായി വിശാലിനുള്ള ബന്ധം എന്താണെന്നു വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

 സിനിമകൾ ഓൺലൈനായി പ്രചരിപ്പിക്കുന്ന ‘തമിഴ് റോക്കേഴ്സ്’ ഉൾപ്പെടെയുള്ളവയ്ക്കു പിന്നിൽ ലൈക്കയാണെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.   വിശാലിന്റെ സിനിമകൾ നിർമിക്കാൻ ലൈക്ക സാമ്പത്തിക സഹായം നൽകാമെന്ന ധാരണയെ തുടർന്നു വ്യാജ പതിപ്പുകൾക്കെതിരെയുള്ള നടപടി നിർത്തിയെന്നാണ് ആരോപണം.