ചെന്നൈ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെത്തുടർന്നു പുറത്തായ നടൻ വിശാൽ തിരുപ്പറൻകുണ്ട്രത്ത് മൽസരിക്കുമോ?. മക്കൾ നൽ ഏക്കം എന്ന പുതിയ സംഘടന രൂപീകരണം പ്രഖ്യാപിച്ചതോടെ ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായി. തന്റെയും ആരാധനാ പാത്രങ്ങളായ മദർ തെരേസയുടേയും എ.പി.ജെ.അബ്ദുൽ കലാമിന്റെയും ചിത്രങ്ങളുള്ള കൊടിയും സംഘടനയുടേതായി വിശാൽ പുറത്തിറക്കി. ഇരുമ്പ് തിരൈ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷ വേളയിലാണു വിശാലിന്റെ നീക്കം. എന്നാൽ, ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള വേദി മാത്രമാണെന്നും വിശാൽ പറഞ്ഞു.
നിലവിൽ വിശാൽ ഫാൻസ് അസോസിയേഷൻ എന്ന പേരിൽ ആരാധകരുടെ കൂട്ടായ്മ പ്രവർത്തിക്കുന്നണ്ട്. ഇതിനു പുറമേയാണു പുതിയ സംഘടന രൂപീകരിച്ചത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഭാരവാഹികളെ നിയമിച്ചായിരിക്കും പ്രവർത്തനം.
തമിഴ്നാട്ടിലെ താര സംഘടനായ നടികർ സംഘത്തിന്റെയും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസർ കൗൺസിലിന്റേയും തലപ്പത്തുള്ള വിശാൽ ആർകെ നഗറിൽ സ്വതന്ത്രനായി മൽസരിക്കാൻ നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ, സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി പത്രിക തള്ളി. ഉടൻ നടക്കാനിരിക്കുന്ന തിരുപ്പറൻകുണ്ട്രം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു വിശാൽ പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്നാണ് അഭ്യൂഹം.