Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കർണാടക മോഡൽ’ ആയുധം വീശി കോൺഗ്രസ്

Rahul Gandhi, Siddaramaiah

ന്യൂഡൽഹി∙ ബിഹാർ, ഗോവ, മണിപ്പുർ എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി പ്രതിപക്ഷ സഖ്യം. മേഘാലയയിൽ സർക്കാരിനെതിരെ സമ്മർദം ശക്തമാക്കി കോൺഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിക്കു ഭരണമെന്ന ‘കർണാടക മോഡൽ’ ആയുധമാക്കി ദേശീയ തലത്തിൽ ബിജെപി വിരുദ്ധ പ്രക്ഷോഭത്തിനു വീര്യമേറുന്നു.

ബിഹാർ സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡിയുടെ നേതാവ് തേജസ്വി യാദവ് ഗവർണർ സത്യപാൽ മല്ലിക്കിനെ സന്ദർശിച്ചു. ആർജെഡി എംഎൽഎമാരും കോൺഗ്രസ്, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ), സിപിഐ (എംഎൽ) നേതാക്കളും ഒപ്പമുണ്ടായിരുന്നു. സഭയിൽ 111 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നു തേജസ്വി അവകാശപ്പെട്ടു.

തേജസ്വി യാദവ് : ഭരണകക്ഷിയായ ജനതാദളി(യു)ലെ അസംതൃപ്തരായ ഏതാനും എംഎൽഎമാർ എന്നെ ബന്ധപ്പെടുന്നുണ്ട്. സർക്കാരുണ്ടാക്കാൻ ക്ഷണം ലഭിച്ചാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കും. ആവശ്യം പരിശോധിച്ച ശേഷം മറുപടി നൽകാമെന്നു ഗവർണർ ഉറപ്പു നൽകിയിട്ടുണ്ട്.

ബിഹാർ നിയമസഭ: (തിരഞ്ഞെടുപ്പ് നടന്നത് 2015 നവംബറിൽ)

ആകെ സീറ്റ് – 243. ആർജെഡി – 80, ജെഡി(യു) – 71, ബിജെപി – 53, കോൺഗ്രസ് – 27

ഗോവ

ന്യൂനപക്ഷമായ ബിജെപി സർക്കാരിനെ പുറത്താക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് േനതാക്കൾ ഗവർണർ മൃദുല സിൻഹയെ രാജ്ഭവനിൽ സന്ദർശിച്ചു. ഇക്കാര്യത്തിൽ ഏഴു ദിവസത്തിനകം മറുപടി പ്രതീക്ഷിക്കുന്നതായും അറിയിച്ചു. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. മുഖ്യമന്ത്രി മനോഹർ പരീക്കർ ചികിൽസയ്ക്കായി വിദേശത്താണ്.

ഗിരീഷ് ചൊദാൻകർ (കോൺഗ്രസ് ഗോവ ഘടകം പ്രസിഡന്റ്): സംസ്ഥാനത്തു ഭൂരിപക്ഷം തെളിയിക്കാനുള്ള കെൽപ് കോൺഗ്രസിനുണ്ട്. ബിജെപി ക്യാംപിൽനിന്നുള്ളവരെ ചാക്കിട്ടുപിടിക്കാതെ തന്നെ കേവല ഭൂരിപക്ഷമായ 21 എംഎൽഎമാരെ അണിനിരത്താൻ കോൺഗ്രസിനാവും.

ഗോവ നിയമസഭ: (തിരഞ്ഞെടുപ്പ് നടന്നത് 2017 ഫെബ്രുവരിയിൽ)

ആകെ സീറ്റ് – 40. കോൺഗ്രസ് – 16, ബിജെപി – 14

മണിപ്പുർ

സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് ആക്ടിങ് ഗവർണർ ജഗദീഷ് മുഖിയെ കോൺഗ്രസ് സംഘം സന്ദർശിച്ചു. ഒൻപത് എംഎൽഎമാരാണു രാജ്ഭവനിലെത്തിയത്.

ഒക്റം ഇബോബി സിങ് (പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി) : കർണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. എന്തുകൊണ്ട് മണിപ്പുരിൽ അതേ മാതൃക സ്വീകരിക്കുന്നില്ല? നിലവിലെ സർക്കാർ ഭരണഘടനാ വിരുദ്ധമാണ്.

മണിപ്പുർ നിയമസഭ: (തിരഞ്ഞെടുപ്പ് നടന്നത് 2017 മാർച്ചിൽ)

ആകെ സീറ്റ് – 60. കോൺഗ്രസ് – 28, ബിജെപി – 21

മേഘാലയ

കർണാടകയിൽ സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രക്ഷോഭം. പ്രതിഷേധമറിയിച്ചു രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തയച്ചു. സംസ്ഥാനത്തു സർക്കാരുണ്ടാക്കാൻ പാർട്ടി ഇപ്പോൾ അവകാശവാദമുന്നയിക്കില്ല. അംപതി മണ്ഡലത്തിൽ ഈ മാസം 27നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആവശ്യവുമായി രംഗത്തിറങ്ങും.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു (20) കോൺഗ്രസ്. 19 സീറ്റ് നേടിയ നാഷനൽ പീപ്പിൾസ് പാർട്ടി പിന്നീടു നടന്ന വില്യംനഗർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജയിച്ചു കോൺഗ്രസിനൊപ്പമെത്തി. ഭരണകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിക്കു പിന്തുണ നൽകുന്ന ബിജെപിക്കുള്ളതു രണ്ടു സീറ്റ്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മുകുൾ സങ്മ രണ്ടിടത്തു ജയിച്ചു; അതിൽ അംപതി മണ്ഡലം ഒഴിഞ്ഞു.