Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫിറ്റ്നസ് ചാലഞ്ച്’ ഏറ്റെടുത്ത് മോദി; രാഷ്ട്രീയ വെല്ലുവിളിയുമായി‌ പ്രതിപക്ഷം

fitness-challenge-cartoon

ന്യൂഡൽഹി ∙ കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിങ് റാഥോഡ് തുടങ്ങിവച്ച ‘ഫിറ്റ്നസ് ചാലഞ്ച്’ വെല്ലുവിളി ഏറ്റുപിടിച്ചു സമൂഹമാധ്യമങ്ങളിൽ പ്രമുഖരുടെ കസർത്ത്! രാജ്യം കത്തുമ്പോൾ മോദിയും കൂട്ടരും വ്യ‌ായാമം ചെയ്യുകയാണെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ കക്ഷികളുടെ ആക്രമണം. ആരോഗ്യ സംരക്ഷണ സന്ദേശമുയർത്തി വ്യായാമം ചെയ്യുന്നതിന്റെ വിഡിയോയ്ക്കൊപ്പം ട്വിറ്ററിലൂടെ റാഥോഡ് നടത്തിയ വെല്ലുവിളി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെത്തി നിൽക്കുകയാണിപ്പോൾ.

വെല്ലുവിളി ഏറ്റെടുക്കാൻ തയാറെന്നു വ്യക്തമാക്കിയ മോദി, താൻ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ ഉടൻ പങ്കുവയ്ക്കുമെന്നും അറിയിച്ചു. ഇതിനിടെ, മറ്റു കേന്ദ്രമന്ത്രിമാരും വിഡിയോ ദൃശ്യങ്ങളുമായി രംഗത്തെത്തി. ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജു ഓഫിസ് മുറിയിൽ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവിട്ടപ്പോൾ ഉദ്യാനത്തിലൂടെ നടക്കുന്നതിന്റെയും ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിന്റെയും വിഡിയോയുമായി പരിസ്ഥിതിമന്ത്രി ഹർഷവർധൻ രംഗത്തെത്തി. വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഓഫിസ് മുറിയിൽ സൂര്യനമസ്കാരം ചെയ്തപ്പോൾ, വാണിജ്യ സഹമന്ത്രി യശോധര രാജെ സിന്ധ്യ ട്രെഡ് മില്ലിൽ ഓടി.

ഓഫിസ് മുറിയിൽ പുഷ് അപ് ചെയ്യുന്ന വിഡിയോ ‘ഫിറ്റ്നസ് ചാലഞ്ച്’ എന്ന ഹാഷ്ടാഗിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണു റാഥോഡ് ട്വിറ്ററിലിട്ടത്. രാത്രി, പകൽ വ്യത്യാസമില്ലാതെ ജോലിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഊർജം തനിക്കു പ്രചോദനമാണെന്നും രാജ്യ‌ത്തെ മുഴുവൻ ജനങ്ങളും അദ്ദേഹത്തെപോലെയാകണമെന്നും റാഥോഡ് ആഹ്വാനം ചെയ്തു. കോഹ്‌ലി, ഹൃതിക് റോഷൻ, സൈന നെഹ്‌വാൾ എന്നിവരെ റാഥോഡ് വെല്ലുവിളിക്കുകയും ചെയ്തു.

റാഥോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത ഹൃതിക് റോഷൻ സൈക്കിളോടിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചു. ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവിട്ട കോഹ്‌ലി, മോദിക്കു പുറമേ ക്രിക്കറ്റ് താരം എം.എസ്.ധോണി, തന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ എന്നിവരെയും വെല്ലുവിളിച്ചു. പിന്നാലെയെത്തി മോദിയുടെ ട്വീറ്റ് – ‘വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. എന്റെ ഫിറ്റ്നസ് ചാലഞ്ച് വിഡിയോ ഉടൻ പങ്കുവയ്ക്കും.’ വ്യായാമത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണെന്നറിയിച്ചു പി.ടി.ഉഷയും പങ്കാളിയായി.

രാഹുൽ ഗാന്ധി (കോൺഗ്രസ് അധ്യക്ഷൻ): പ്രിയപ്പെട്ട പ്രധാനമന്ത്രി, കോഹ്‌ലിയുടെ വെല്ലുവിളി താങ്കൾ ഏറ്റെടുത്തതിൽ സന്തോഷം. ഇതാ എന്റെ വെല്ലുവിളി: ഇന്ധനവില കുറയ്ക്കുക. അല്ലെങ്കിൽ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭം താങ്കളെ അതിനു നിർബന്ധിതനാക്കും.

തേജസ്വി യാദവ് (ആർജെഡി നേതാവ്): യുവാക്കൾക്കു ജോലിയും കർഷകർക്കു സാന്ത്വനവും ദലിതർക്കു സുരക്ഷയും നൽകണമെന്ന എന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ നരേന്ദ്ര മോദി സാർ?

ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദൾ നേതാവ്): പ്രിയപ്പെട്ട പ്രധാനമന്ത്രി, കള്ളപ്പണം തിരിച്ചുപിടിക്കുമെന്നു മുൻപു നൽകിയ ഉറപ്പു പാലിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്കു താങ്കൾ 15–20 ലക്ഷം നിക്ഷേപിക്കണമെന്ന എന്റെ വെല്ലുവിളി വിനീതമായി സ്വീകരിക്കുക.  

related stories