ന്യൂഡൽഹി∙ 2019 ൽ ഒരിക്കൽക്കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യവുമായി കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം സർക്കാർ ഇന്ന് നാലാം വാർഷികത്തിലേക്ക്. ഇതിനു പുറമെ മറ്റൊരു മുദ്രാവാക്യം കൂടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ കട്ടക്കിൽ നടക്കുന്ന റാലിയിൽ പ്രഖ്യാപിക്കും – സാഫ് നിയത്, സഹി വികാസ് (സംശുദ്ധ ലക്ഷ്യം, ശരിയായ വികസനം). മുദ്രാവാക്യത്തിന്റെ പൂർണരൂപം അൽപ്പം കൂടി നീണ്ടതാണ്– ‘മൻസിൽ ആ രഹി ഹൈ പാസ്സ്, ദേശ് കാ ബഠ്താ ജാതാ വികാസ് – സാഫ് നിയത്, സഹി വികാസ്’ എന്നാണ് പൂർണ രൂപം.
1440 കഴിഞ്ഞു, ഇനി 365
നാലു വർഷം, അതായത് 1440 ദിവസം കഴിഞ്ഞു, ഇനി തിരഞ്ഞെടുപ്പിലേക്ക് 365 ദിവസം തികച്ചില്ല. മോദി സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇന്നു പുറത്തിറങ്ങും. ബിജെപിയും സഖ്യകക്ഷികളും അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. കർണാടകയിൽ പ്രതിപക്ഷത്തിന്റെ െഎക്യനിര കൂടി കണ്ടതോടെ ബിജെപി പ്രചാരണത്തിന്റെ നടുവിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു കഴിഞ്ഞു. ബിജെപി പ്രസിഡന്റ് അമിത് ഷാ ഇന്ന് ഭരണ നേട്ടങ്ങൾ വിവരിക്കാൻ ഡൽഹിയിൽ പത്രസമ്മേളനം നടത്തുന്നു.
എന്തു കൊണ്ട് ഒഡീഷ
മന്ത്രിസഭയുടെ നാലാം വാർഷികം ബിജെപിയും എൻഡിഎയും ഒഡീഷയിൽ നടത്തുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്– അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒഡീഷയിൽ അധികാരത്തിൽ വരികയാണു ലക്ഷ്യം. ഒരിക്കൽ എൻഡിഎയിൽ അംഗമായിരുന്ന നവീൻ പട്നായിക്കിനെതിരെയുള്ള പടയൊരുക്കം കൂടിയാണിത്.
നേട്ടങ്ങളുടെ വിഡിയോ
ഇന്ന് പുറത്തിറക്കുന്ന വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നതു മോദി തന്നെ. രാജ്യത്ത് 18,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചതു മുതൽ ബുള്ളറ്റ് ട്രെയിൻ വരെ വികസനത്തിന്റെ നീണ്ട നിരയാണ് ചിത്രത്തിലുടനീളം. ബേട്ടി ബചാവോ, ബേട്ടി പഠാവോ തുടങ്ങി സർക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളും വിഡിയോയിൽ എണ്ണിപ്പറയുന്നു.
നേട്ടങ്ങളുടെ നിരയിൽ
നാലു വർഷത്തെ ഭരണ നേട്ടങ്ങൾ വിലയിരുത്തിയാൽ താഴെപ്പറയുന്നവ എടുത്തു പറയാവുന്നതാണ്– സ്മാർട് സിറ്റികൾ, അടിസ്ഥാന സൗകര്യ വികസനം, ഉജ്ജ്വല പാചക വാതക പദ്ധതി, മുദ്ര വ്യവസായ സഹായ പദ്ധതി, ഗംഗ ശുദ്ധീകരണത്തിനുള്ള നമാമി ഗംഗേ, ഗ്രാമ വൈദ്യുതീകരണം, മോദി കെയർ എന്ന ആരോഗ്യ പദ്ധതി – ആയുഷ്മാൻ ഭാരത്, രാജ്യം ശുചീകരിക്കുന്ന സ്വച്ഛഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ, ജൻ ധൻ യോജന, ഡിജിറ്റൽ ഇന്ത്യ.
വിജയിക്കാത്തവ
സർക്കാരിന്റെ പരാജയപ്പെട്ട പദ്ധതികളുടെ നിരയും കുറവല്ല. നോട്ട് പിൻവലിക്കൽ തന്നെ ഏറ്റവും മുൻ നിരയിൽ, ഇപ്പോഴും കുഴഞ്ഞു മറിഞ്ഞ ജിഎസ്ടി നടപ്പാക്കൽ, പാതി വഴിയിലെത്തി നിൽക്കുന്ന ലോക്പാൽ, ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പെട്രോൾ വില, ഒരു വർഷം ഒരു കോടി തൊഴിൽ എന്ന വാഗ്ദാനം, വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടികൂടി എല്ലാപേർക്കും 15 ലക്ഷം വീതം നൽകുമെന്ന പൊള്ള വാഗ്ദാനം, 530 കോടി രൂപ പരസ്യത്തിനു ചെലവാക്കിയെങ്കിലും എങ്ങുമെത്താത്ത സ്വച്ഛ് ഭാരത്, ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിടുന്നവരുടെ നീളുന്ന നിര, ഇതുവരെ ഒരു രൂപ ചെലവിടാത്ത 1000 കോടി നിർഭയ നിധി, സാമ്പത്തിക രംഗത്തെ മരവിപ്പും, മുരടിപ്പും.