Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തുക്കുടി സമരത്തെ തള്ളിപ്പറഞ്ഞ് രജനീകാന്ത്; വൻ പ്രതിഷേധം

Rajinikanth

ചെന്നൈ ∙ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്നും നടൻ രജനീകാന്ത്. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണു പ്രശ്നം തുടങ്ങിയത്. എല്ലാറ്റിനും സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകുമെന്നും തൂത്തുക്കുടി വെടിവയ്പിൽ പരുക്കേറ്റവരെ സന്ദർശിച്ച ശേഷം രജനി പറഞ്ഞു. പരാമർശം വൻ വിവാദമായതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ തകർക്കുകയാണ്. രാവിലെ തുറന്ന വാഹനത്തിൽ തൂത്തുക്കുടി ജനറൽ ആശുപത്രിയിലെത്തിയ രജനിക്കു വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്കു 10,000 രൂപ വീതവും അദ്ദേഹം പ്രഖ്യാപിച്ചു. 

നിങ്ങൾ ആരാണ്? ഞാൻ രജനീകാന്ത്

വെടിവയ്പിൽ പരുക്കേറ്റ സന്തോഷ് എന്ന യുവാവ് നടനോട് ‘നിങ്ങളാരാണ്’ എന്നു ചോദിക്കുന്നതും ‘ഞാൻ രജനീകാന്ത്’ എന്ന് അദ്ദേഹം മറുപടി പറയുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. 100 ദിവസം സമരം ചെയ്തിട്ടും വാ തുറക്കാത്ത രജനി, കാലാ സിനിമയുടെ റിലീസ് മുന്നിൽ കണ്ടാണു തൂത്തുക്കുടിയിലെത്തിയതെന്നും ഇതിലുള്ള പ്രതിഷേധം അറിയിക്കാനാണ് അങ്ങനെ ചോദിച്ചതെന്നും സന്തോഷ് പറഞ്ഞു. രാവിലെ ‘തലൈവർ ഇൻ തൂത്തുക്കുടി’ എന്ന ഹാഷ് ടാഗായിരുന്നു ട്വിറ്ററിൽ ട്രെൻഡായതെങ്കിൽ വൈകിട്ട് സന്തോഷിന്റെ രോഷപ്രകടനത്തോടെ ‘നിങ്ങൾ ആരാണ്’ ഹാഷ് ടാഗ് വൻ ഹിറ്റായി.