ധോണിയുടെ ഭാര്യ സാക്ഷിക്ക് തോക്ക് വേണം

റാഞ്ചി∙ തോക്ക് ലൈസൻസിനായി പ്രമുഖ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി അപേക്ഷ നൽകി. കൂടുതൽ സമയവും വീട്ടിൽ ഒറ്റയ്ക്കാണ്. സുരക്ഷയ്ക്കായി തോക്കു വാങ്ങാൻ ലൈസൻസ് അനുവദിക്കണമെന്നാണു സാക്ഷി മജിസ്ട്രേട്ട് ഓഫിസിൽ അപേക്ഷ നൽകിയത്. സാക്ഷിയുടെ പേരിൽ കേസൊന്നും നിലവിൽ ഇല്ലെന്നു കാട്ടി പൊലീസ് അപേക്ഷ റാഞ്ചി സീനിയർ എസ്പിയുടെ ഓഫിസിലേക്ക് അയച്ചു.

ഒൻപതു വർഷം മുൻപു ധോണി തോക്ക് വാങ്ങിയിരുന്നു. സർക്യൂട്ട് റോഡിലെ ധോണിയുടെ വീടിനു ചുറ്റും തോക്കുധാരികളായ ഏഴു സുരക്ഷാ ഭടന്മാർ കാവലുണ്ട്. സർക്കാർ അനുവദിച്ച സ്ഥലത്തു നിർമിച്ച വീട്ടിൽ നിന്നു ധോണിയും കുടുംബവും ഒരുവർഷം മുൻപു പുതിയ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. എട്ട് ഏക്കർ ഫാം ഹൗസിനോടു ചേർന്നാണു പുതിയ വീട്.