റാഞ്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ കിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ ജാർഖണ്ഡിൽനിന്നു മൽസരിപ്പിക്കാൻ ബിജെപി നീക്കം. ക്രിക്കറ്റിനൊപ്പം രാഷ്ട്രീയത്തിലേക്കും ചുവടുവയ്ക്കാൻ മുൻ ക്യാപ്റ്റൻ തയാറായേക്കുമെന്നാണു സൂചന.
കഴിഞ്ഞയാഴ്ച ദുർഗാ പൂജ ആഘോഷങ്ങൾക്കു റാഞ്ചിയിലെത്തിയ ധോണിയെ മുതിർന്ന ബിജെപി നേതാക്കൾ വസതിയിൽ രഹസ്യമായി സന്ദർശിച്ച് ഒന്നര മണിക്കൂർ ചർച്ച നടത്തി. ധോണിക്ക് സംസ്ഥാനത്തെ ഏതുസീറ്റും നൽകാമെന്നും മൽസരിക്കാൻ തയാറാകണമെന്നും നേതാക്കൾ അഭ്യർഥിച്ചു. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെക്കുറിച്ചോ മൽസരിക്കുന്നതിനെക്കുറിച്ചോ ഒന്നും തുറന്നു പറയാൻ താരം തയാറായില്ലെന്നും തൽക്കാലം ക്രിക്കറ്റിൽ മാത്രം ശ്രദ്ധ ചെലുത്താനാണു തീരുമാനമെന്നും ബന്ധുക്കൾ അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ നേരിട്ടെത്തി ധോണിയെ കാണുമെന്നാണ് നേതാക്കൾ ധോണിയെ അറിയിച്ചത്. മുൻ ഓപ്പണർ ഗൗതം ഗംഭീറിനെയും ബിജെപിയിൽ എത്തിക്കാനുള്ള ചരടുവലികൾ നടക്കുന്നുണ്ട്. മൽസരിക്കാനില്ലെങ്കിൽ പാർട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങണമെന്ന അഭ്യർഥന നേതാക്കൾ നടത്തി.