ന്യൂഡൽഹി ∙ ഉന്നത ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്നു സുപ്രീം കോടതിയിൽനിന്ന് ഇന്നലെ വിരമിച്ച ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ‘സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കിൽ ജനാധിപത്യത്തിനു പിടിച്ചുനിൽക്കാനാവില്ല. അങ്ങനെയൊരു ഭീഷണിയുണ്ടെന്ന് എനിക്കു തോന്നി. ഇപ്പോഴും തോന്നുന്നു’ – മനോരമയുമായുള്ള അഭിമുഖത്തിൽ ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.
മെഡിക്കൽ കോഴക്കേസിൽ ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി ഇസ്രത്ത് മസ്റൂർ ഖുദുസി അറസ്റ്റിലായതു ജുഡീഷ്യറിയിലെ അഴിമതിക്കു തെളിവാണ്. കോടതി ഇടനാഴികളിൽ അഭിഭാഷകർ പറയുന്നതു ശ്രദ്ധിച്ചാൽ മതി; ആരൊക്കെയാണ് അഴിമതിക്കാരെന്ന് അവർക്കറിയാം. മക്കളായ അഭിഭാഷകരിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമമുണ്ടാകാറുണ്ട്.
സുപ്രീം കോടതിയിലെ ഒരു ജഡ്ജി വിരമിച്ചതോടെ മക്കളുടെ വമ്പൻ പ്രാക്ടീസ് ഇല്ലാതായി. ചില മുൻ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേൺ പരിശോധിച്ചാൽ പലതും മനസ്സിലാകും.
‘ഉയരുന്ന ആരോപണങ്ങളെല്ലാം ശരിയാകണമെന്നില്ല. എന്നാൽ, സത്യം പുറത്തുവരാൻ നിഷ്പക്ഷ അന്വേഷണം വേണം. അതു ജുഡീഷ്യറിയുടെ വിശ്വാസ്യത വർധിപ്പിക്കും. അന്വേഷണമില്ലാതെ ആരോപണങ്ങൾ മറയ്ക്കാൻ ശ്രമിച്ചാൽ ഫലം വിപരീതമാകും. ജഡ്ജി നിയമനത്തിൽ സ്വജനപക്ഷപാത ആരോപണമുണ്ട്. കൊളീജിയം നടപടികൾ സുതാര്യമാകണം’. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതിയിൽ നിയമിക്കപ്പെടുമെന്നുതന്നെയാണു തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.