ന്യൂഡൽഹി∙ കരസേനാ മേജറുടെ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് വഴിവിട്ട ബന്ധം തുടരാനാവില്ലെന്നു ബോധ്യപ്പെട്ടപ്പോഴെന്നു പ്രതിയായ മേജറുടെ കുറ്റസമ്മതം. യുവതി വിവാഹാഭ്യർഥന നിരസിച്ചതാണു കൊലപാതകത്തിനു കാരണമെന്നു ഡൽഹി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ വിജയ് കുമാർ പറഞ്ഞു. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽജ ദ്വിവേദി (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കടന്ന പ്രതി മേജർ നിഖിൽ ഹൻഡയെ (40) യുപിയിലെ മീററ്റിൽ നിന്നാണു ഡൽഹി പൊലീസ് പിടികൂടിയത്. പട്യാല കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപം വാഹനം കയറിയിറങ്ങിയ നിലയിലാണ് ശനിയാഴ്ച ഉച്ചയ്ക്കു ഷൈൽജയുടെ മൃതദേഹം കണ്ടെത്തിയത്. അന്നു രാവിലെ ഫിസിയോതെറപ്പി ചെയ്യാൻ സേനാ വാഹനത്തിൽ ആർമി ആശുപത്രിയിൽ എത്തിയ ഷൈൽജയെ പിന്നീടു കാണാതാവുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ആശുപത്രിയിൽ നിന്നു ഷൈൽജയെ മേജർ നിഖിൽ സ്വന്തം കാറിൽ കയറ്റിക്കൊണ്ടുപോയി. രണ്ടുമണിക്കൂറോളം ചുറ്റിക്കറങ്ങിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവാഹാഭ്യർഥന നിരസിച്ചതോടെ വെസ്റ്റ് ഡൽഹിയിലെ ഒറ്റപ്പെട്ട റോഡിൽവച്ച് നിഖിൽ യുവതിയുടെ കഴുത്തറുത്ത ശേഷം പുറത്തേക്കു തള്ളി. അപകടമരണമെന്നു തോന്നിപ്പിക്കാൻ ഷൈൽജയുടെ കഴുത്തിലൂടെയും ശരീരത്തിലൂടെയും കാർ മുന്നോട്ടും പിന്നോട്ടും നാലു പ്രാവശ്യം കയറ്റിയിറക്കി.
ആശുപത്രിയിലെ സിസിടിവിയിൽ നിഖിലിന്റെ ചിത്രം പതിഞ്ഞതോടെയാണു പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. വാഹനമിടിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കൂടുതൽ പരിശോധിച്ചപ്പോഴാണ് കഴുത്തറുത്തതായി കണ്ടെത്തിയത്. 2009 ലാണ് അമിത്തും ഷൈൽജയും വിവാഹിതരായത്. ആറു വയസ്സുള്ള മകനുണ്ട്. ഷൈൽജ മിസിസ് ഇന്ത്യ എർത്ത് സൗന്ദര്യമൽസരത്തിൽ ഫൈനലിൽ എത്തിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ പിതാവാണു പ്രതിയായ നിഖിൽ. അമിത് നാഗാലൻഡിൽ ജോലി ചെയ്യുന്ന കാലത്താണു നിഖിൽ ഷൈൽജയെ പരിചയപ്പെട്ടത്. തുടർന്ന് ഷൈൽജയെ വിടാതെ പിന്തുടരുകയായിരുന്നു. ഷൈൽജ നിഖിലുമായി വിഡിയോ കോൾ ചെയ്യുന്നത് ശ്രദ്ധയിൽപെട്ട അമിത്, ഇരുവരെയും താക്കീതു ചെയ്തിരുന്നു.
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷൈൽജ, അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുമാസം മുൻപാണ് അമിത്തിനു ഡൽഹിയിലേക്കു മാറ്റം കിട്ടിയത്. യുഎൻ സേനയിൽ നിയമനം കിട്ടിയതിനാൽ കുടുംബത്തോടൊപ്പം സുഡാനിലേക്കു പോകാനിരിക്കുകയായിരുന്നു. ഇതു മനസിലാക്കിയാണു നാഗാലൻഡിൽ നിന്നു നിഖിൽ ഡൽഹിയിലെത്തിയത്. ബന്ധം അവസാനിപ്പിക്കാമെന്നു ഷൈൽജ പറഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നാണു നിഗമനം. രണ്ടു കത്തികൾ കാറിൽ നിന്നു കണ്ടെടുത്തതിനാൽ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാവാമെന്നും പൊലീസ് പറഞ്ഞു.