ലഹോർ ∙ മുംബൈ ഭീകരാക്രമണക്കേസിൽ 24 ഇന്ത്യൻ ദൃക്‌സാക്ഷികളെ ഹാജരാക്കുന്നതു സംബന്ധിച്ചു ജൂലൈ അഞ്ചിനു മറുപടി നൽകാൻ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി നോട്ടിസ് നൽകി. തുടർന്നു ജൂലൈ അഞ്ചുവരെ കോടതി കേസ് അവധിക്കുവച്ചു. 24 ഇന്ത്യൻ ദൃക്‌സാക്ഷികളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാൻ ഇന്ത്യാ സർക്കാരിനു മടിയാണെന്നും അതാണ് ഇതുവരെ അവരെ എത്തിക്കാൻ കഴിയാഞ്ഞതെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഹാഫീസ് സയീദിനെ ആദ്യം പാക്കിസ്ഥാൻ അറസ്റ്റ് ചെയ്യട്ടെ, പിന്നീടു ദൃക്‌സാക്ഷികളെ അയയ്ക്കാം എന്നതാണ് ഇതു സംബന്ധിച്ച ഇന്ത്യൻ നിലപാട്. ഫലത്തിൽ, 2008ൽ നടന്ന മുംബൈ ആക്രമണം സംബന്ധിച്ചു പാക്കിസ്ഥാനിൽ ഇതുവരെ ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. ലഷ്കറെ തയിബയുടെ നേതൃത്വത്തിൽ നടന്ന മുംബൈ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു.