Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ ആക്രമണത്തിനു പത്താണ്ട്: കുറ്റക്കാരെ പിടിച്ചാൽ 35 കോടിയെന്ന് യുഎസ്

An Indian soldier aims his weapon towards The Taj Mahal Hotel in Mumbai on November 29, 2008, during a military operation.

വാഷിങ്ടന്‍ ∙ മുംബൈ ഭീകരാക്രമണം നടന്നു പത്താണ്ടു കഴിഞ്ഞിട്ടും ആസൂത്രകരെ നിയമത്തിനു മുന്നില്‍ എത്തിക്കാത്തതില്‍ അമേരിക്കയ്ക്ക് അതൃപ്തി. ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരേ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ (ഏകദേശം 35 കോടി രൂപ) ഇനാം നല്‍കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെ അറിയിച്ചു.

യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം നടന്നതിന്റെ പത്താം വാര്‍ഷികം ആചരിക്കുന്നതിനു തൊട്ടുതലേന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ആക്രമണം ആസൂത്രണം ചെയ്തവരെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ഇരകളുടെ കുടുംബത്തോടു ചെയ്യുന്ന അനീതിയാണെന്ന് മൈക്ക് പോംപെ പറഞ്ഞു.

ലഷ്‌കറെ തൊയ്ബ ഉള്‍പ്പെടെ ആക്രമണത്തിന് ഉത്തരവാദികളായ ഭീകരസംഘടനകള്‍ക്കെതിരേ യുഎന്‍ ചട്ടങ്ങള്‍ പ്രകാരം ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോടു മൈക്ക് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ആറ് അമേരിക്കക്കാരുടെ കുടുംബത്തിന്റെ ദുഃഖം പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റവാളികളെ ഏതു രാജ്യത്ത് അറസ്റ്റ് ചെയ്താലും അമ്പതു ലക്ഷം ഡോളര്‍ ഇനാമായി നല്‍കും. മൂന്നാം തവണയാണ് യുഎസ് വിദേശകാര്യ മന്ത്രാലയം ഇത്തരത്തില്‍ ഇനാം പ്രഖ്യാപിക്കുന്നത്. മുമ്പ് ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയിദിനെയും കൂട്ടാളി ഹാഫിസ് അബ്ദുൽ റഹ്മാന്‍ മാക്കിയെയും പിടികൂടാനും ഇനാം പ്രഖ്യാപിച്ചിരുന്നു.

related stories