വാഷിങ്ടൻ ∙ മുംബൈ ഭീകരാക്രമണത്തിന്റെ 10ാം വാർഷികത്തിൽ ഇന്ത്യയ്ക്ക് പിന്തുണയർപ്പിച്ച് യുഎസ്. നീതിക്കു വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ യുഎസ് എപ്പോഴും ഒപ്പമുണ്ടെന്നും ഭീകരരെ ഒരിക്കലും ജയിക്കാൻ വിടില്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. 2008 ലെ മുംബൈ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട 166 പേരിൽ 6 അമേരിക്കക്കാരുമുണ്ടായിരുന്നു. ഭർത്താവിനെയും 13 വയസ്സുള്ള മകളെയും നഷ്ടപ്പെട്ട കിയ ഷെർ ട്രംപിനോട് ട്വിറ്ററിൽ നന്ദി അറിയിച്ചു.
വാഷിങ്ടനിലെ ഇന്ത്യൻ എംബസിയിൽ നടന്ന അനുസ്മരച്ചടങ്ങിൽ പങ്കെടുത്ത യുഎസ് ആഭ്യന്തരവകുപ്പിലെ ഭീകരവിരുദ്ധ കോ ഓർഡിനേറ്റർ നഥാൻ സെയ്‍ൽസ്, ആക്രമണം നടത്തിയ ഭീകരരെയും ആസൂത്രകരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ അറസ്റ്റിലേക്കോ ശിക്ഷയിലേക്കോ നയിക്കാവുന്ന വിവരങ്ങൾ നൽകുന്നവർക്ക് 35 കോടി രൂപ (50 ലക്ഷം യുഎസ് ഡോളർ) പാരിതോഷികം നൽകുമെന്നു യുഎസ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിരുന്നു.