Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം നേതൃത്വത്തിൽ‍ ജോലി വിഭജനം; കാരാട്ടിനു സംഘടനാ കാര്യങ്ങളുടെ മാത്രം ചുമതല

cpm-logo

ന്യൂഡൽഹി∙ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ സംഘടനാ കാര്യങ്ങളുടെ മാത്രം ചുമതലയിൽ നിലനിർത്തി സിപിഎമ്മിന്റെ നേതൃത്വ തലത്തിൽ‍ ജോലി വിഭജനം. കഴിഞ്ഞ 22 മുതൽ 24 വരെ നടന്ന കേന്ദ്ര കമ്മിറ്റി (സിസി) അംഗീകരിച്ച ജോലി വിഭജന പട്ടിക ഇന്നലെ സിസി അംഗങ്ങൾക്കു ലഭ്യമാക്കി. എം.എ.ബേബിക്കു പകരം നിലോൽപൽ ബസുവിനാണ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെ മുഖ്യ ചുമതല.

യുപിയുടെ ചുമതലയിൽനിന്ന് ഒഴിവായ കാരാട്ട്, പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’യുടെ പത്രാധിപ സ്ഥാനത്തു തുടരും. മൊത്തത്തിലുള്ള ഏകോപനത്തിന്റെ ചുമതലയും കേന്ദ്ര സെക്രട്ടേറിയറ്റിന്റെ അധ്യക്ഷസ്ഥാനവുമുള്ള ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പാർട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ‘ദ് മാർക്സിസ്റ്റി’ന്റെ പത്രാധിപരായി തുടരും. എസ്.രാമചന്ദ്രൻ പിള്ളയെ പഞ്ചാബിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കി. അദ്ദേഹം ബിഹാറിന്റെയും ധനകാര്യ, കാർഷിക ഉപസമിതികളുടെയും ചുമതലയിൽ തുടരും.

എം.എ.ബേബി – കർണാടക, പാർട്ടിയുടെ രാജ്യാന്തര വകുപ്പ് ചുമതലകളിൽ തുടരും. വൃന്ദ കാരാട്ട് – ജാർഖണ്ഡ്, ഡൽഹി, വനിതാ ഉപസമിതി, പ്രചാരണവിഭാഗം. നിലോൽപൽ ബസു – പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര. സുഭാഷിണി അലി – യുപി, മധ്യപ്രദേശ്. മുഹമ്മദ് സലിം – പാർലമെന്റ്, മുസ്‌ലിം ന്യൂനപക്ഷ സമിതി. ബി.വി.രാഘവുലു – പാർട്ടി വിദ്യാഭ്യാസം, ആന്ധ്ര, തെലങ്കാന. ഹന്നൻ മൊള്ള – കിസാൻ സഭ, രാജസ്ഥാൻ. തപൻ സെൻ‍ – സിഐടിയു, ഹിമാചൽ, ഉത്തരാഖണ്ഡ്. പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റിനെ സെപ്റ്റംബറിൽ ചേരുന്ന സിസിയിൽ തീരുമാനിക്കും.