തമിഴ് സിനിമയിലും തമ്മിലടി; വിശാലിന്റെ പരാതിയില്‍ ശരത്കുമാറിനെതിരേ കേസെടുത്തു

ചെന്നൈ∙ തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ പേരിലുള്ള സ്ഥലം മറിച്ചു വിറ്റതായി ആരോപിച്ച് മുൻ ഭാരവാഹികളായ ശരത്കുമാർ, രാധാരവി എന്നിവർക്കെതിരെ നടികർ  സംഘം ജനറൽ സെക്രട്ടറി വിശാൽ നൽകിയ പരാതിയിൽ കാഞ്ചീപുരം പൊലീസ് കേസെടുത്തു. 

കാഞ്ചീപുരം ജില്ലയിലെ വേദമംഗലത്തു നടികർ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 29 സെന്റ് സ്ഥലം 2006ൽ അംഗങ്ങളുടെ അറിവോടെയല്ലാതെ ഇരുവരും വിൽപന നടത്തുകയും പണം സ്വന്തമാക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് കേസ്. പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നു കാണിച്ചു വിശാൽ മദ്രാസ് ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. കേസെടുക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ നടികർ സംഘത്തിന്റെ പരാതി സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.