ബെംഗളൂരു∙ ആകാശമധ്യേ നേർക്കുനേർ വന്ന രണ്ട് ഇൻഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായതു തലനാരിഴയ്ക്ക്. ബെംഗളൂരു - കൊച്ചി (6ഇ 6505), കോയമ്പത്തൂർ - ഹൈദരാബാദ് (6ഇ 779) വിമാനങ്ങളാണു ചൊവ്വാഴ്ച ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപം ദുരന്തത്തിനു തൊട്ടടുത്തെത്തിയത്. ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിൽ (ടിസിഎഎസ്) നിന്ന് അപായസൂചന ലഭിച്ചതോടെ പൈലറ്റുമാർ ഉടൻ ദിശമാറ്റുകയായിരുന്നു.
27,000 അടി ഉയരത്തിൽ നേർക്കുനേർ പറന്ന എയർബസ് എ-320 വിമാനങ്ങൾ വെറും 200 അടി ഉയര വ്യത്യാസത്തിലാണു പറന്നുമാറിയത്. ഇവ തമ്മിലുള്ള അകലം എട്ടു കിലോമീറ്ററിൽ താഴെ മാത്രമുള്ളപ്പോഴായിരുന്നു അപകട മുന്നറിയിപ്പ്. ഈ ദൂരം താണ്ടാൻ സെക്കൻഡുകളേ ആവശ്യമുള്ളൂ. ഇരു വിമാനങ്ങളിലുമായി മലയാളികൾ ഉൾപ്പെടെ 328 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി വിമാനത്തിൽ 166 , ഹൈദരാബാദ് വിമാനത്തിൽ 162.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് (എഎഐബി) അന്വേഷണം ആരംഭിച്ചു. സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
സഹായിച്ചത് ടിസിഎഎസ്
വിമാനത്തിൽ ഘടിപ്പിച്ച ട്രാൻസ്പോണ്ടറുകളാണു ടിസിഎഎസായി പ്രവർത്തിക്കുന്നത്. ഇവ ആകാശപരിധിയിലുള്ള മറ്റു ട്രാൻപോണ്ടറുകളുമായി സമ്പർക്കം പുലർത്തി അപകടം ഒഴിവാക്കും. എയർ ട്രാഫിക് കൺട്രോളിലെ (എടിസി) സിഗ്നലുകളിൽ നിന്നു സ്വതന്ത്രമായ സംവിധാനമാണിത്. ഈ വർഷം ഫെബ്രുവരിയിൽ മുംബൈ വ്യോമപാതയിൽ എയർ ഇന്ത്യയുടെയും വിസ്താര എയർലൈൻസിന്റെയും വിമാനങ്ങൾ നേർക്കുനേർ വന്നപ്പോഴും ദുരന്തം ഒഴിവാക്കിയതു ടിസിഎഎസ് സംവിധാനമായിരുന്നു.