യുപിയിൽ യുവതിയെ കൂട്ടമാനഭംഗത്തിനു ശേഷം ക്ഷേത്രത്തിൽവച്ചു ജീവനോടെ കത്തിച്ചു; പൊലീസ് അനങ്ങിയില്ല

ലക്നൗ∙ ഉത്തർപ്രദേശിൽ രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അഞ്ചുപേർ ചേർന്നു പീഡിപ്പിച്ചശേഷം പിടിച്ചുകൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തിൽവച്ചു ജീവനോടെ കത്തിച്ചു. കുഞ്ഞുങ്ങളോടൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന മുപ്പത്തഞ്ചുകാരിയാണു ക്രൂരതയ്ക്ക് ഇരയായത്. സംഭാലിലാണു നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്.

കനത്ത മഴ പെയ്യുന്നതിനിടെ രാത്രി രണ്ടരയോടെ വീട്ടിൽ അതിക്രമിച്ചുകയറിയ കുറ്റവാളികൾ യുവതിയെ അവിടെവച്ചുതന്നെ ക്രൂരമായി പീഡിപ്പിച്ചു. യുവതിയും കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തൊഴിലാളിയായ ഭർത്താവ് ഗാസിയാബാദിലായിരുന്നു. അക്രമികൾ സ്ഥലംവിട്ടപ്പോൾ ഭർത്താവിനെയും സഹോദരനെയും ഫോണിൽ കിട്ടാതെ വന്നതിനാൽ യുവതി ബന്ധുവിനെ വിളിച്ചു വിവരങ്ങൾ പറഞ്ഞു. സഹായത്തിനായി 100ൽ പൊലീസിനെയും വിളിച്ചു. എന്നാൽ, പൊലീസ് പ്രതികരിച്ചില്ല.

യുവതിയുടെ ബന്ധു മറ്റു കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തുംമുൻപ് അക്രമിസംഘം മടങ്ങിയെത്തി യുവതിയെ വലിച്ചിഴച്ചു സമീപത്തെ ക്ഷേത്രത്തിലെത്തിച്ചു തീകൊളുത്തി കൊല്ലുകയായിരുന്നു. ഇതേ ഗ്രാമത്തിൽത്തന്നെ പാർത്തിരുന്ന അരാംസിങ്, മഹാവീർ, ചരൺസിങ്, ഗുല്ലു, കുമാർപാൽ എന്നിവരാണു കുറ്റവാളികളെന്നും ഇവർ മാസങ്ങളായി യുവതിയെ ശല്യപ്പെടുത്തിവരികയായിരുന്നെന്നും ഭർത്താവ് പരാതിയിൽ പറയുന്നു.