ചെന്നൈ∙ സ്കൂളുകളിൽ സർവമത പ്രാർഥന. തലമുണ്ഡനം ചെയ്തും തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ചും അണികൾ. പ്രിയ നേതാവിനായി തമിഴകം ഒറ്റ മനസ്സായി പ്രാർഥന തുടരവേ, കാവേരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
രക്ത സമ്മർദവും ഹൃദയമിടിപ്പും രക്തത്തിന്റെ ഓക്സിജന്റെ തോതും സാധാരണ നിലയിൽ. അബോധാവസ്ഥയിലാണെങ്കിലും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നു. ചികിൽസയുടെ ഭാഗമായി വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങളൊന്നും ഉപയോഗിക്കുന്നില്ല.
ഇന്നലെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിനൊന്നും പുറത്തിറക്കിയില്ല. അതേസമയം, ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുൾപ്പെടെ പ്രമുഖർക്കെല്ലാം പറയാനുണ്ടായിരുന്നതു പുറത്ത് തടിച്ചുകൂടിയ ആയിരങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ – കലൈജ്ഞറുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
തീവ്ര പരിചരണ വിഭാഗത്തിൽ കരുണാനിധിയെ നേരിൽ കണ്ടതായി മുഖ്യമന്ത്രി പറഞ്ഞു. രാത്രി ഒൻപതരയോടെ ആശുപത്രിയിൽനിന്ന് മടങ്ങുന്നതിനിടെ മകൻ എം.കെ.സ്റ്റാലിനും പറഞ്ഞു, നില മെച്ചപ്പെടുന്നു.
അതേസമയം, ആശുപത്രി പരിസരത്തും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ തുടരുന്നു. ഞായറാഴ്ച രാത്രി ആശുപത്രിക്കു സമീപം നേരിയ സംഘർഷമുണ്ടായതിനു പിന്നാലെ വാഹനങ്ങൾക്കു വഴിയൊരുക്കാനായി സ്ഥിരം ബാരിക്കേഡ് തീർത്തു. ഉച്ചഭാഷിണി വഴി ജനക്കൂട്ടത്തിനായി കൃത്യമായ ഇടവേളകളിൽ അറിയിപ്പ് നൽകുന്നുണ്ട്.
ഞായറാഴ്ച വൈകിട്ടോടെ അത്യാസന്ന നിലയിലായ ശേഷമാണു കരുണാനിധിയുടെ ആരോഗ്യനില അൽപം മെച്ചപ്പെട്ടത്. സമാധാനപരമായി പിരിഞ്ഞുപോകണമെന്നു സ്റ്റാലിൻ അഭ്യർഥിച്ചെങ്കിലും നൂറുകണക്കിനു ഡിഎംകെ പ്രവർത്തകർ കാവേരി ആശുപത്രിക്കു മുന്നിൽ തുടരുന്നു. എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാർ ഉൾപ്പെടെ പ്രമുഖർ ഇന്നലെ ആശുപത്രിയിലെത്തി.
മനംനൊന്ത് അഞ്ചു മരണം
കോയമ്പത്തൂർ/ഈറോഡ്∙ ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതിയിൽ മനംനൊന്ത് ഹൃദയാഘാതം മൂലം അഞ്ചു പേർ മരിച്ചു. പൊള്ളാച്ചി കുള്ളക്കാപാളയത്തെ ഹംസകുമാർ (65), തിരുപ്പൂർ മടത്തുകുളം മൈവാടി നരസിംഹപുരത്ത് ശബരിഗിരിനാഥൻ (55), ഉൗട്ടി കാറ്റാടിമട്ടത്തിനു സമീപം പരമുല ഗ്രാമത്തിൽ രാജേന്ദ്രൻ (55), പെരുന്തുരെ ആയികാരൻപാളയം പാർട്ടി ഏരിയാ കമ്മിറ്റിയംഗം ജനാർദ്ദനൻ (47),
കനിറാവുത്തർകുളം ഗണേഷിന്റെ ഭാര്യയും പാർട്ടി വനിതാവിഭാഗം പ്രവർത്തകയുമായ രാജേശ്വരി (33) എന്നിവരാണു മരിച്ചത്.