ദോക്‌ ലായിൽ ഒരു പ്രശ്നവുമില്ല: സുഷമ; ചൈനയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ ഇന്ത്യ സന്ദർശിക്കും

ന്യൂ‍ഡൽഹി∙ ചൈനാ അതിർത്തിയോടു ചേർന്നുള്ള ദോക്‌ ലായിൽ സംഘർഷ സാഹചര്യമില്ലെന്നു കേന്ദ്രസർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷം കഴിഞ്ഞ ഓഗസ്റ്റിൽ പരിഹരിച്ചുവെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ബ്രിക്സ് സമ്മേളനത്തിൽ ൈചനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദോക് ലാ വിഷയം ഉന്നയിക്കാത്തതിനെ തൃണമൂൽ എംപി സൗഗത ബോസ് ചോദ്യംചെയ്തു. സഭയിൽ സന്നിഹിതനായിരുന്ന മോദി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നു സൗഗത ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല.

ഇന്ത്യയിൽ മടങ്ങിയെത്തിയ മോദിയെ സ്വാഗതം ചെയ്തു സൗഗത നമസ്തെ പറഞ്ഞതു സഭയിൽ ചിരി പടർത്തി. വിഷയത്തെക്കുറിച്ചു തനിക്കു വ്യക്തമായ ധാരണയുണ്ടെന്നും മറുപടി പറയാൻ താൻ പര്യാപ്തയാണെന്നും വ്യക്തമാക്കിയാണു സൗഗതയുടെ ചോദ്യത്തിനു സുഷമ മറുപടി നൽകിയത്. ബ്രിക്സ് കൂടിക്കാഴ്ചയിൽ ഏതെങ്കിലും പ്രത്യേക വിഷയം ചർച്ചയ്ക്കെടുക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പരസ്പര സഹകരണവും വിശ്വാസവും ഊഷ്മളതയും വളർത്തുകയായിരുന്നു കൂടിക്കാഴ്ചയിലെ പ്രാഥമിക ലക്ഷ്യം; അതു നേടി. ചൈനയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ ഈ വർഷം ഇന്ത്യ സന്ദർശിക്കും. ദോക് ലാ സംഘർഷം പക്വമായ ഇടപെടലുകളിലൂടെ പരിഹരിച്ചു. നിലവിൽ അതിർത്തി ശാന്തമാണ്–സുഷമ പറഞ്ഞു.