ബെയ്ജിങ്∙ രാജ്യത്തിന്റെ ഒരുതരി മണ്ണിനു വേണ്ടി രക്തരൂഷിത യുദ്ധത്തിനു പോലും തയാറാണെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറയുമ്പോൾ ദോക്‌ലാ വിഷയത്തിൽ നിലപാടു മാറ്റത്തിനു തയാറല്ലെന്നുവ്യക്തമാക്കി ഇന്ത്യ. കഴിഞ്ഞ വർഷം ദോക്‌ലായിലെ അതിർത്തി തർക്കത്തിന്മേലുണ്ടായ ഒത്തുതീർപ്പു നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ ഗൗതം ബംബാവലെയാണ് വിശദീകരിച്ചത്.
ദോക്‌ലായിൽ ഇരുവിഭാഗം സൈനികരും നേർക്കുനേർ വന്നതിനു പിന്നിൽ ചൈനയാണെന്നും ഗൗതം ആരോപിച്ചു. അതിർത്തിയിൽ നിലവിലുണ്ടായിരുന്ന ‘അവസ്ഥ’യ്ക്കു ചൈന മാറ്റം വരുത്താൻ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉടലെടുത്തതെന്നും ഗൗതം പറഞ്ഞു. മേഖലയിൽ ചൈന വീണ്ടും നിർമാണ പ്രവൃത്തികൾക്കു തുടക്കമിട്ടെന്ന റിപ്പോർട്ടിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ–ചൈന സൈന്യം നേർക്കുനേർ വന്ന 73 ദിവസത്തെ സംഘർഷാവസ്ഥയ്ക്കു ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റ് 28നാണ് ദോക്‌ലാമിലെ റോഡ് നിർമാണ പ്രവൃത്തികൾ ഉൾപ്പെടെ ചൈന നിർത്തിവച്ചത്. ‘കൂടുതൽ സൈനികരെ കൊണ്ടുവരാനായി ചൈന ഒരുപക്ഷേ കൂടുതൽ ബാരക്കുകൾ നിർമിക്കുന്നുണ്ടാകാം. പക്ഷേ അതു തർക്കമേഖലയിൽ നിന്ന് ഏറെ ദൂരെയാണ്. അത്തരം നിർമാണങ്ങൾ എപ്പോൾ വേണമെങ്കിലും നടത്താൻ ചൈനയ്ക്ക് അധികാരമുണ്ട്, അത് ചൈനയുടെ അധികാര പരിധിയിലുള്ള സ്ഥലത്താണ്. അതിനു സമാനമായി ഇന്ത്യയും അവകാശപ്പെട്ട സ്ഥലത്ത് സൈനിക വിന്യാസം നടത്തുന്നുണ്ട്, സൗകര്യങ്ങളൊരുക്കുന്നുണ്ട്’– സൗത്ത് ചൈന മോണിങ് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ ഗൗതം പറഞ്ഞു.
അഥവാ ചൈന റോഡ് നിർമിക്കാൻ പോകുകയാണെങ്കിൽ അക്കാര്യം ഇന്ത്യയെ അറിയിക്കണം. ആ നീക്കത്തെ അംഗീകരിക്കാനാകില്ലെങ്കിൽ ഇന്ത്യ തക്ക മറുപടിയും നൽകുമെന്നും ഗൗതം പറഞ്ഞു. ദോക്‌ലായിലെ തർക്കത്തിന്റെ സമയത്ത് നിർമാണ പ്രവൃത്തികളെപ്പറ്റി ഇന്ത്യയെ അറിയിച്ചിരുന്നുവെന്നായിരുന്നു ചൈനയുടെ അവകാശവാദം.
‘കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ ഒരു വെടിവയ്പു പോലുമുണ്ടായിട്ടില്ല. ഏറ്റവും ഗുരുതരമായ ദോക്‌ലാ സംഭവത്തിന്റെ സമയത്തു പോലും വെടിവയ്പുണ്ടായില്ല. അതിനർഥം ഇരുവിഭാഗവും സമാധാനം പുലർത്തുന്നതിൽ വിജയിച്ചുവെന്നാണ്–ഗൗതം കൂട്ടിച്ചേർത്തു.