ന്യൂഡൽഹി ∙ ദോക് ലാ സംഘർഷത്തിനു ശേഷം ഇന്ത്യയും ചൈനയും ആദ്യമായി സംയുക്ത സൈനിക അഭ്യാസത്തിനു കൈകോർക്കുന്നു.
തെക്കു കിഴക്കൻ ചൈനയിലെ കുൻമിങ്ങിൽ ഡിസംബർ 10നു ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പേരിൽ സംയുക്ത അഭ്യാസം നടത്താൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി.
രണ്ടാഴ്ച നീളുന്ന അഭ്യാസത്തിൽ ഇന്ത്യയെ സിഖ് ലൈറ്റ് ഇൻഫൻട്രിയുടെ 11ാം ബറ്റാലിയൻ പ്രതിനിധീകരിക്കും.
2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംയുക്ത അഭ്യാസത്തിനായി ഇരു സേനകളും ഒന്നിക്കുന്നത്. ഇന്ത്യയിൽ 2016 ലാണ് ഏറ്റവുമൊടുവിൽ അഭ്യാസം സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിൽ നടത്താനിരുന്ന അഭ്യാസം, ദോക് ലാ സംഘർഷത്തെ തുടർന്ന് പിൻവലിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കഴിഞ്ഞ മാർച്ചിൽ വുഹാനിൽ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണു സംയുക്ത അഭ്യാസം പുനരാരംഭിക്കുന്നതിന് ചർച്ച നടന്നത്.
സൈനികതലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ഇതു വഴിയൊരുക്കുമെന്നു പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതിർത്തിയിൽ ചൈന പടയൊരുക്കം ശക്തമാക്കുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെയാണു സൈനിക സഹകരണ നീക്കമെന്നതും ശ്രദ്ധേയം.
അതിനിടെ, സൈനിക ബന്ധം സംബന്ധിച്ച നിർണായക ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലെത്തി.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായുള്ള കൂടിക്കാഴ്ചയിൽ അതിർത്തിയിലെ നിലവിലെ സാഹചര്യം ചർച്ചയാകും. ഈ മാസം 30നു നടക്കുന്ന ജി 20 ഉച്ചകോടിയിൽ മോദിയും ഷി ചിൻപിങ്ങും ചർച്ച നടത്തുന്നതിനു മുന്നോടിയായാണു ഡോവലിന്റെ സന്ദർശനം.