Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയും ചൈനയും 10 വിഷയങ്ങളിൽ കൂടുതൽ സഹകരിക്കാൻ ധാരണ

Wang Yi hugs Sushma Swaraj ഭായ്–ബഹൻ: ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കായി എത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ന്യൂ‍ഡൽഹിയിൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ. ചിത്രം: പിടിഐ

ന്യൂഡൽഹി∙ ഇന്ത്യ– ചൈന ബന്ധത്തിൽ സഹകരണത്തിന്റെ പുതിയ അധ്യായം രചിക്കാൻ ഇരു രാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രിമാരായ സുഷമ സ്വരാജും വാങ് യിയും നടത്തിയ 2 മണിക്കൂർ ചർച്ചയിൽ ധാരണയായി. 10 വിഷയങ്ങളിൽ ഇരുരാജ്യങ്ങളും കൂടുതൽ സഹകരിക്കും. ജനങ്ങൾ തമ്മിൽ നേരിട്ടും സാംസ്കാരിക വിനിമയത്തിലൂടെയും ബന്ധം മെച്ചപ്പെടുത്താൻ ‘സഹകരണത്തിന്റെ ദശസ്തംഭങ്ങൾ’ ക്കാണു രൂപം നൽകുകയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. 

വിദ്യാഭ്യാസം, ടിവി– സിനിമ മേഖല, ടൂറിസം, സ്പോർട്സ്, പരമ്പരാഗത ചികിൽസ, യോഗ എന്നീ മേഖലകളിലാണ് കൂടുതൽ സഹകരിക്കുക. യുവാക്കളുടെ പരസ്പര സന്ദർശനത്തിലൂടെയും നഗരങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെയും സൗഹാർദത്തിന്റെ പുതുവഴികൾ തേടും.

പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിന് ഇരുസൈന്യങ്ങളും ശ്രമിച്ചുവരുകയാണെന്ന് സുഷമ പറഞ്ഞു. അതിർത്തി മേഖലകളിൽ സമാധാനവും സഹവർത്തിത്വവും വളർത്തുന്നതിന് ഇതു സഹായിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത് ലോകത്തിനാകെ ഗുണകരമാകും.

രാജ്യാന്തര തലത്തിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും ചൈനയുമായുള്ള ബന്ധം ലോകത്തിന്റെ തന്നെ സ്ഥിരതയ്ക്കു സഹായിക്കുന്ന ഘടകമാണെന്നു സുഷമ വിശദീകരിച്ചു. 

അതിർത്തിയിൽ സംഘർഷമൊഴിവാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും വുഹാൻ ഉച്ചകോടിയിൽ തീരുമാനമെടുത്തിരുന്നു. അതിന്റെ തുടർച്ചയായിരുന്നു വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ചർച്ച. 

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിൽ കമ്മി വർധിക്കുന്നതിന് പരിഹാരം കാണണം. ഇന്ത്യയുടെ സാധന സാമഗ്രികൾക്ക് ചൈനയുടെ വിപണി തുറന്നു കൊടുക്കുമെന്നാണു പ്രതീക്ഷയെന്നും സുഷമ പറഞ്ഞു.

related stories