Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തി പ്രശ്നങ്ങൾക്ക് സൈനിക തല ചർച്ച; ഇന്ത്യ–ചൈന പ്രശ്നം ‘പറഞ്ഞുതീർക്കും’

India-China

ന്യൂഡൽഹി∙ അതിർത്തി പ്രശ്നത്തിനു ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണാൻ ധാരണയുണ്ടാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ–ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ കൂടിക്കാഴ്ച. സംഘർഷത്തിൽ അയവു വരുത്താൻ ചർച്ചയുടെ പാതയാണ് അഭികാമ്യമെന്നു ചൈനയിലെ സിച്വാൻ പ്രവിശ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും ചൂണ്ടിക്കാട്ടി.

3488 കിലോമീറ്റർ അതിർത്തിയിൽ ചിലയിടങ്ങളിലെ തർക്കങ്ങൾ അതിർത്തിയിലെ സൈനിക തല ചർച്ചകളിലൂടെ പരിഹരിക്കും. വ്യാപാര ബന്ധം ശക്തമാക്കുന്നതു സംബന്ധിച്ചും ചർച്ച നടന്നു. 30നു ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിലും അതിർത്തി വിഷയം ചർച്ചയാകും.

അതിനിടെ, ചൈന അതിർത്തിയിലെ അരുണാചൽ, സിക്കിം എന്നീം സംസ്ഥാനങ്ങളിൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നടപടിയാരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി മേഖലകളിൽ 19 റോഡുകൾ നിർമിക്കാനാണു പദ്ധതി. സേനാ ആവശ്യത്തിനായി 29 കെട്ടിടങ്ങളും നിർമിക്കും. 25,000 കോടി രൂപ ചെലവിട്ട് അതിർത്തി മേഖലകളിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമാണിത്.