രജനീകാന്ത് അണ്ണാഡിഎംകെയിൽ ചേർന്നേക്കുമെന്ന് മന്ത്രി

ചെന്നൈ ∙ നടൻ രജനീകാന്ത് ഭാവിയിൽ അണ്ണാഡിഎംകെയിൽ ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു തമിഴ്നാട് മന്ത്രി കെ.പാണ്ഡ്യരാജൻ. എന്നാൽ, ഇതുവരെ വെളിപ്പെടുത്തിയ രാഷ്ട്രീയം അണ്ണാഡിഎംകെ ആശയങ്ങളുമായി യോജിച്ചു പോകുന്നതായതിനാൽ അദ്ദേഹത്തിനു പാർട്ടിയിൽ ചേരാവുന്നതാണെന്നു മാത്രമാണു താൻ ഉദ്ദേശിച്ചതെന്നു മന്ത്രി പിന്നീട് വിശദീകരിച്ചു. ആദ്യത്തെ പ്രസ്താവന ഏറെ ചർച്ചയായതോടെയാണു വിശദീകരണം. 

എംജിആറിന്റെ ഭരണം തിരികെ കൊണ്ടുവരികയാണു തന്റെ ലക്ഷ്യമെന്നു രജനീകാന്ത് നേരത്തേ പൊതുയോഗത്തിൽ പറഞ്ഞിരുന്നു. ചെന്നൈ-സേലം അതിവേഗ പാത, തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് വിഷയങ്ങളിൽ അണ്ണാഡിഎംകെയുടെ നിലപാടിനോട്  ചേർന്നു നിൽക്കുന്നതാണു രജനീകാന്തിന്റെ നിലപാട്.