Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാ കടമ്പ കടക്കാതെ മുത്തലാഖ് ബിൽ; ഓർ‍ഡിനൻസിലൂടെ പ്രാബല്യത്തിലാക്കാൻ ശ്രമിച്ചേക്കും

Triple Talaq

ന്യൂഡൽഹി ∙ ലോക്സഭ കഴിഞ്ഞ ഡിസംബറിൽ പാസാക്കിയ മുത്തലാഖ് ബിൽ മഴക്കാല സമ്മേളനത്തിലും പരിഗണിക്കാതെ രാജ്യസഭ പിരിഞ്ഞു. ബില്ലിനെക്കുറിച്ച് അഭിപ്രായ െഎക്യം സാധ്യമായിട്ടില്ലെന്ന് അധ്യക്ഷൻ എം.വെങ്കയ്യ നായിഡു പറഞ്ഞു. ബില്ലിനു കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളും രാജ്യസഭയിൽ വിതരണം ചെയ്തിരുന്നു. ബില്ലിലെ വ്യവസ്ഥകൾ ഓർ‍ഡിനൻസിലൂടെ പ്രാബല്യത്തിലാക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്നു സൂചനയുണ്ട്. ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു. ബിൽ‍ പരിഗണിക്കുന്നതിനും സിലക്ട് കമ്മിറ്റിക്കു വിടുന്നതിനുമുള്ള പ്രമേയങ്ങൾ കഴിഞ്ഞ ജനുവരി മൂന്നിനു രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും തുടർനടപടികൾ സാധ്യമായില്ല.

രാജ്യസഭയുടെ കഴിഞ്ഞ ദിവസത്തെ കാര്യപരിപാടിയിൽ ബിൽ ഉൾപ്പെടുത്തിയിരുന്നു. മുത്തലാഖ് നിയമവിരുദ്ധമെന്നു സുപ്രീം കോടതി കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു. അതിനു പിന്നാലെ നിയമനിർമാണത്തിനു സർക്കാർ ശ്രമിച്ചെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ലെന്നതു തടസ്സമായി. ആറു മാസത്തിനകം നിയമമുണ്ടാക്കണമെന്ന് ഓഗസ്റ്റിലെ വിധിയിൽ അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വ്യക്തമാക്കിയതാണെന്നും അവർ നിർദേശിച്ച സമയപരിധി ഫെബ്രുവരിയിൽ അവസാനിക്കുമെന്നുമാണു ജനുവരിയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി സഭയിൽ വാദിച്ചത്. എന്നാൽ, വിധി വന്ന് ഏകദേശം 11 മാസം കഴിഞ്ഞിട്ടും നിയമനിർമാണം സാധ്യമായിട്ടില്ല. ഭരണപക്ഷത്തുള്ള അകാലിദളും ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്നു വാദിച്ചിരുന്നു.

പ്രതിപക്ഷത്തെ അനുനയിപ്പിക്കുന്നതിനു കൂടിയാണു ലോക്സഭ പാസാക്കിയ ബിൽ പരിഷ്കരിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചത്. കുറ്റക്കാരായ പുരുഷന്മാർക്കു ജാമ്യം നൽകുന്നതിനുള്ള വകുപ്പുകൂടി ഉൾപ്പെടുത്താമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. എന്നിട്ടും ഫലമുണ്ടായില്ല.