Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നുകാലി കയറ്റുമതി നിരോധനം തിരിച്ചടി; ദുബായിലേക്കു കപ്പൽമാർഗം ആടുകളെ കയറ്റി അയയ്ക്കുന്നത് തടഞ്ഞിരുന്നു

ന്യൂഡൽഹി ∙ രാജ്യത്തെ തുറമുഖങ്ങളിലൂടെ കന്നുകാലികളെ കയറ്റുമതി ചെയ്യുന്നതു നിരോധിക്കാനുള്ള തീരുമാനം ആയിരക്കണക്കിനു കുടുംബങ്ങൾക്കു തിരിച്ചടിയായി. ഗുജറാത്തിലാണു കയറ്റുമതി ആദ്യം തടഞ്ഞതെങ്കിലും ഗുജറാത്ത് സർക്കാരിന്റെ അഭ്യർഥനപ്രകാരം രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. കന്നുകാലിച്ചന്തകൾക്കു നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി നേരത്തേ വിവാദമായിരുന്നു. ഗുജറാത്തിലെ ടൂണ തുറമുഖത്തുനിന്നു ദുബായിലേക്കു കപ്പൽമാർഗം ആടുകളെ കയറ്റി അയയ്ക്കുന്നതു കഴിഞ്ഞയാഴ്ച കച്ച് കലക്ടർ ഇടപെട്ടു തടഞ്ഞിരുന്നു. ആടുകളുടെ ആരോഗ്യസ്ഥിതി, വാക്സിനേഷൻ‍, എവിടെനിന്നു മേടിച്ചു തുടങ്ങിയവ സംബന്ധിച്ച രേഖകൾ ലഭ്യമാക്കാത്തതിനാലാണ് എണ്ണായിരത്തോളം ആടുകളുടെ കയറ്റുമതി തടഞ്ഞതെന്നാണ് ഒൗദ്യോഗിക വിശദീകരണം.

മൃഗാവകാശ പ്രവർത്തകർ ഗുജറാത്ത് മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു ടൂണയിലെ നടപടിയെന്നാണു വ്യക്തമാക്കപ്പെട്ടത്. എന്നാൽ, ജൈന സമുദായക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണു നടപടിയെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കച്ചവടക്കാർ മൃഗങ്ങളോടു ക്രൂരമായി പെരുമാറുന്നുവെന്നതാണു പ്രതിഷേധക്കാരുടെ ആരോപണം. കറ്റുമതിക്കെതിരെ ജൈന സമുദായക്കാർ ഈയിടെ മഹാരാഷ്ട്രയിലും പ്രതിഷേധിച്ചിരുന്നു. കയറ്റുമതി നിരോധനം ഗുജറാത്തിൽ മാത്രം 40,000 കുടുംബങ്ങൾക്കെങ്കിലും തിരിച്ചടിയായെന്നു ഗുജറാത്ത് കന്നുകാലി കയറ്റുമതി അസോസിയേഷൻ സെക്രട്ടറി അദിൽ നൂർ പറഞ്ഞു. ഇന്ത്യയിൽനിന്ന് അറുപതോളം രാജ്യങ്ങളിലേക്ക് ആട്ടിറച്ചി കയറ്റുമതിയുണ്ട്. യുഎഇയിലേക്കും നേപ്പാളിലേക്കുമാണ് ആടുകളെ ജീവനോടെ കയറ്റുമതി ചെയ്യുന്നത്.