എയിംസിലെ ഒഴിവുകൾ നികത്തണമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരം സമിതി നിർദേശം

ന്യൂഡൽഹി ∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ജീവനക്കാരുടെ കുറവ് നികത്താൻ അടിയന്തര നടപടികളെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പാർലമെന്റ് സ്ഥിരം സമിതിയുടെ നിർദേശം. ഡൽഹി എയിംസിൽ മതിയായ സൗകര്യങ്ങളൊരുക്കാതെ മറ്റു സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിൽ അർഥമില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

എയിംസിൽ അധ്യാപകരുടെ 245 ഒഴിവുകളുണ്ടെന്നും മറ്റുള്ള ജീവനക്കാരുടെ 2,025 ഒഴിവുകളുണ്ടെന്നുമാണ് സർക്കാർ അറിയിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ പുതുതായി സ്ഥാപിച്ച ആറ് എയിംസിൽ ആകെ 1,303 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രാജ്യത്തെ ഏറ്റവും പ്രമുഖ ആരോഗ്യകേന്ദ്രമായ എയിംസിൽ ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ നടപടികൾ ആവശ്യമാണ്. ജീവനക്കാരുടെ നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളുപയോഗിക്കാനും നിയമനങ്ങൾ പൂർണമായും നടത്താനും ആരോഗ്യ മന്ത്രാലയം ഇടപെടണം.

വിദഗ്ധ ഡോക്ടർമാരെ ആവശ്യത്തിനു നിയമിച്ചാൽ മാത്രമേ സ്ഥാപനംകൊണ്ട് ജനങ്ങൾക്ക് ഉപകാരമുണ്ടാവൂ. എന്തുകൊണ്ടാണ് ഇത്തരം ഡോക്ടർമാരുടെ ലഭ്യത കുറയുന്നതെന്ന് കണ്ടെത്താൻ പഠനം നടത്തണം. മെച്ചപ്പെട്ട വേതനവും ജോലിക്കുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാലേ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ സാധിക്കൂവെന്നും സമിതി ചൂണ്ടിക്കാട്ടി.

കൂടുതൽ എയിംസുകൾ സ്ഥാപിക്കാൻ നീക്കങ്ങളുള്ള സ്ഥിതിക്ക് എയിംസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.