ന്യൂഡൽഹി ∙ ഈ സാമ്പത്തികവർഷം റോഡ് ഗതാഗത മന്ത്രാലയം 25,000 കിലോമീറ്റർ ദേശീയപാതയ്ക്കു കരാർ നൽകും; 300 ദേശീയപാതാ പദ്ധതികളും നടപ്പു സാമ്പത്തികവർഷം പൂർത്തിയാക്കും. അടുത്ത വർഷം മാർച്ചിനകം 10,000 ഹെക്ടറാണു റോഡ് നിർമാണത്തിന് ഏറ്റെടുക്കുക. 10,000 കോടി രൂപ നഷ്ടപരിഹാരം നൽകും. രണ്ടു പ്രധാന പരിഷ്കാരങ്ങളിലൂടെ ദേശീയപാത നിർമാണത്തിനു വേഗം കൂട്ടാനാണു സർക്കാരിന്റെ പദ്ധതി. നിർമാണം തുടങ്ങുംമുൻപ് 80% ഭൂമിയും ഏറ്റെടുക്കണമെന്ന വ്യവസ്ഥ 50 ശതമാനമായി ഇളവു ചെയ്യുന്നതാണ് ആദ്യത്തേത്. നിലവിലുള്ള ഭൂമിയേറ്റെടുക്കൽ നിയമത്തിലല്ല, മന്ത്രാലയം ഏർപ്പെടുത്തിയ ആഭ്യന്തര വ്യവസ്ഥകളിൽ മാത്രമാണു ഭേദഗതിയെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. ഭൂമിയേറ്റെടുക്കൽ പ്രക്രിയ ഡിജിറ്റലാക്കിയതാണു രണ്ടാമത്തേത്. ഇതുവഴി ഭൂമിയേറ്റെടുക്കലിന് ആവശ്യമായ നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനാവും. രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളിലെയും റവന്യു രേഖകൾ ഉൾക്കൊള്ളുന്ന ‘ഭൂമി രാശി’ പോർട്ടലിനു മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. പകുതി ഭൂമി ഏറ്റെടുത്തശേഷം നിർമാണം തുടങ്ങുന്നതുകൊണ്ടു പദ്ധതികൾ നിയമക്കുരുക്കിൽ അകപ്പെടില്ലെന്നാണു നിഗമനം. വിപണിവിലയുടെ നാലിരട്ടി യഥാസമയം ലഭിക്കുന്നതുകൊണ്ടു ഭൂമി വിട്ടുനൽകാൻ കർഷകർക്കു വിമുഖതയില്ല.