തിരുവനന്തപുരം∙ ദേശീയപാതാ വികസനത്തിനു കേന്ദ്രസർക്കാർ പണം അനുവദിക്കാത്തതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി 30ന് കൂടിക്കാഴ്ച നടത്തും. തലശേരി–മാഹി ബൈപാസ് നിർമാണത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിന് ഗഡ്കരി എത്തുമ്പോഴായിരിക്കും ചർച്ച.
പണം അനുവദിക്കുന്നതു വൈകുന്നതിനാൽ ദേശീയപാതവികസനം സ്തംഭിച്ചിരിക്കുകയാണെന്ന് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം. കാസർകോട് തലപ്പാടി–ചെങ്കള, ചെങ്കള–കാലിക്കടവ് പാതകളുടെ നിർമാണത്തിനുള്ള അന്തിമാനുമതിയാണ് വൈകുന്നത്. നാലുവരിപ്പാതയാക്കാനുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ളവ നേരത്തെ പൂർത്തിയായിരുന്നു. പാത നിർമാണത്തിനുള്ള ടെൻഡറും പൂർത്തിയായി. പാത നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തുക കിലോമീറ്ററിന് 32 കോടി രൂപയായി കുറച്ചിട്ടും അനുമതി ലഭിക്കുന്നില്ലെന്ന പരാതിയാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനത്തിനു സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ പുരോഗമിക്കവേയാണ് ആദ്യഘട്ട നിർമാണത്തിനു പണം വൈകുന്നത്. നവംബർ ഒന്നിന് ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാസർകോട്ട് തുടങ്ങാമെന്നായിരുന്നു നേരത്തെ കേന്ദ്ര റോഡ് ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നത്. അത് എന്തായാലും നടക്കില്ലെന്ന് ഉറപ്പായി. പണം അനുവദിച്ചാൽ പുതുവർഷത്തിലെങ്കിലും നിർമാണം തുടങ്ങാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ∙