ബാലികയെ കൂട്ട മാനഭംഗം ചെയ്തുകൊന്ന കേസിൽ വധശിക്ഷ

നാഗോൺ (അസം) ∙ പതിനൊന്നുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം തീവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയായ പത്തൊൻപതുകാരനു വധശിക്ഷ. അഞ്ചു പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. മുഖ്യപ്രതിയായ സക്കീർ ഹുസൈനു ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. നഗോ‍ൺ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണു പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പ്രതികൾക്കു ജുവനൈൽ കോടതി ഈയാഴ്ച ആദ്യം 3 വർഷംവീതം തടവു വിധിച്ചിരുന്നു. മാർച്ച് 23നു ദനിയാഭേടി ലാലുങ് ഗാവിലെ വീട്ടിൽ തനിച്ചായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണു കൂട്ടമാനഭംഗത്തിനുശേഷം തീകൊളുത്തിയത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്നു മരിച്ചു. അസമിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയ സംഭവത്തിൽ പൊലീസ് ദ്രുതഗതിയിലാണ് അന്വേഷണം പൂർത്തിയാക്കിയത്. കേസിൽ ഏപ്രിൽ 28നു കുറ്റപത്രം സമർപ്പിച്ചു.