Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ സംശയം, ആറു വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊന്നു; പിതാവിന് വധശിക്ഷ

Representational image

ഭോപ്പാൽ ∙ ആറു വയസ്സുള്ള മകളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പിതാവിന് ഭോപ്പാൽ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഭാര്യയുടെ സ്വഭാവത്തിൽ സംശയമുണ്ടായിരുന്ന 42 വയസ്സുള്ള പ്രതി, ഇത് സ്വന്തം കുട്ടിയല്ല എന്നായിരുന്നു വിശ്വസിച്ചിരുന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 

കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. 2017 മാർച്ച് 15നാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് പോക്സോ പ്രത്യേക കോടതി ജഡ്ജി കുമാദിനി പട്ടേൽ നിരീക്ഷിച്ചു. ഇതേ തുടർന്നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മാനഭംഗം നടന്നതായി വ്യക്തമാകുന്നു. കൂടാതെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്നും പറയുന്നു. ഇരയായ കുട്ടിയുടെ ഡിഎൻഎ റിപ്പോർട്ട് പ്രതിയുമായി ചേരുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്.

ഐപിസി 302 അനുസരിച്ചാണ് വധശിക്ഷ വിധിച്ചത്. ഐപിസി 376 സെക്ഷൻ ഉപയോഗിച്ച് ജീവപര്യന്തം ശിക്ഷയും വിധിച്ചു. മധ്യപ്രദേശിൽ പ്രായപൂർത്തിയാകത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ ഈ വർഷം പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്ന 21–ാമത്തെ കേസാണിത്. രാജ്യത്ത് ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതും മധ്യപ്രദേശിലാണ്.