ന്യൂഡൽഹി ∙ കരസേനാംഗങ്ങളുടെ പാൻ നമ്പർ, വ്യക്തിഗത തിരിച്ചറിയൽ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സർക്കാർ വെബ്സൈറ്റുകളിലൂടെ ചോർന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട് ഓഫിസുകളുടെ വെബ്സൈറ്റുകൾ വഴി നടന്ന ചോർച്ച ഗുരുതര സുരക്ഷാ വീഴ്ചയാണെന്നു വിലയിരുത്തിയ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സേനയിലെ തിരിച്ചറിയൽ നമ്പർ ഉൾപ്പെടെയുള്ളവ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ, അതീവ ജാഗ്രത പുലർത്തണമെന്നു മന്ത്രാലയം നിർദേശിച്ചു. എത്ര സേനാംഗങ്ങളുടെ വിവരങ്ങൾ ചോർന്നുവെന്നതു വ്യക്തമല്ല.
ബെംഗളൂരു ആസ്ഥാനമായുള്ള പാരാ റെജിമെന്റ്, ബെൽഗാമിലെ മറാഠാ ലൈറ്റ് ഇൻഫൻട്രി സേനാംഗങ്ങളുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള വെബ്സൈറ്റുകളിൽ ചോർച്ചയുണ്ടായെന്നാണു പ്രാഥമിക നിഗമനം. വെബ്സൈറ്റുകൾ പരിശോധിച്ചു തകരാർ പരിഹരിക്കാൻ ഓഫിസുകൾക്കു മന്ത്രാലയം നിർദേശം നൽകി.
വിവര ചോർച്ചയ്ക്കു പിന്നാലെ തിങ്കളാഴ്ച മന്ത്രാലയത്തിന്റെ ഭാഗമായുള്ള പല വെബ്സൈറ്റുകളും ഏറെ നേരം പ്രവർത്തനരഹിതമായി. മുൻപും നുഴഞ്ഞുകയറ്റം പ്രതിരോധ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പ്രിൻസിപ്പൽ കൺട്രോളറുടെ വെബ്സൈറ്റിൽ 2015ൽ നുഴഞ്ഞുകയറ്റം നടന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ ആറിനു ഹാക്കർമാർ നുഴഞ്ഞുകയറിയതിനു പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് ഏതാനും മണിക്കൂറുകൾ നിശ്ചലമായി. അന്ന് ചൈനീസ് അക്ഷരങ്ങൾ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.