ബെംഗളൂരു ∙ കവർച്ചാശ്രമം എതിർത്ത യുവാവിന്റെ വെട്ടിമാറ്റിയ കൈപ്പത്തിയുമായി അക്രമികൾ കടന്നുകളഞ്ഞു. ചിത്രദുർഗ സ്വദേശിയും ആനേക്കൽ നിവാസിയുമായ രവീഷിനു(31) നേരെയാണ് ബെന്നാർഘട്ടെ സുവർണമുഖി ക്ഷേത്രത്തിനു സമീപം ആക്രമണമുണ്ടായത്.
സുഹൃത്തായ വനിതാ കോൺസ്റ്റബിളിനൊപ്പം വൈകിട്ട് ക്ഷേത്രത്തിൽ പോയതായിരുന്നു. ഇതിനിടെ ദാഹം തോന്നിയതോടെ സമീപത്തു വെള്ളം കുടിക്കാൻ പോയി. അവിടെയുണ്ടായിരുന്ന രണ്ടുപേർ രവീഷിനെ തടഞ്ഞ് പണവും മൊബൈലും ആവശ്യപ്പെട്ടു. എതിർക്കാൻ ശ്രമിച്ചതോടെ കത്തികൊണ്ട് ആക്രമിച്ച് മുറിവേൽപ്പിച്ച ശേഷം പഴ്സും പണവുമായി പോകാൻ ശ്രമിച്ചു. രക്തം വാർന്നൊലിച്ചെങ്കിലും ബഹളം കേട്ടെത്തിയ സുഹൃത്തിനൊപ്പം രവീഷ് ഇവരെ പിന്തുടർന്നു.
ഇതോടെ അക്രമികൾ തിരിച്ചെത്തി കൈപ്പത്തി മുറിച്ചെടുത്ത് അതുമായി കടന്നുകളഞ്ഞു. പ്രദേശവാസികളും വിവരമറിഞ്ഞെത്തിയ ബെന്നാർഘട്ടെ പൊലീസും ചേർന്ന് രവീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും അക്രമികളെയും ഇവർ മുറിച്ചെടുത്ത കൈപ്പത്തിയും കണ്ടെത്താനായില്ല.