എംപി ഫണ്ട്: നിയമം വേണമെന്ന് വിവരാവകാശ കമ്മിഷൻ

ന്യൂഡൽഹി ∙ എംപി ഫണ്ട് വിനിയോഗം സുതാര്യവും കാര്യക്ഷമവുമാക്കാൻ നിയമപരമായ ചട്ടക്കൂട് തയാറാക്കാൻ ലോക്സഭ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം. 2004 മുതൽ ഈ വർഷം ഫെബ്രുവരി വരെ 12,000 കോടി രൂപയുടെ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലുവിന്റെ ഉത്തരവ്.

ഫണ്ട് വിനിയോഗം സംബന്ധിച്ചു ജനങ്ങളോട് ഉത്തരം പറയാൻ എംപിമാർക്കും അവർ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്കും ബാധ്യതയുണ്ട്. ഫണ്ട് ഉപയോഗിച്ചുള്ള ഓരോ പദ്ധതിയുടെയും വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണം. ഫലപ്രദമായി ഫണ്ട് വിനിയോഗിക്കാത്ത എംപിമാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും കമ്മിഷൻ നിർദേശിച്ചു. പ്രതിവർഷം 5 കോടി രൂപ വീതമാണു ലോക്സഭ, രാജ്യസഭ എംപിമാർക്കുള്ള ഫണ്ട്. ഇവർ ശുപാർശ ചെയ്യുന്ന പദ്ധതികൾ നടപ്പാക്കേണ്ടതു ജില്ലാ ഭരണകൂടങ്ങളാണ്. 

മുഖ്യ നിർദേശങ്ങൾ ഇവ:

∙ ഓരോവർഷവും ലഭിച്ച പദ്ധതി അപേക്ഷകൾ, അംഗീകരിച്ച പദ്ധതികൾ, അവയുടെ പുരോഗതി, ഗുണഭോക്താക്കൾ എന്നിവ വിവരാവകാശ നിയമപ്രകാരം എംപി ലഭ്യമാക്കണം. 

∙ പദ്ധതികൾ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ കാരണം ബോധിപ്പിക്കണം. പദ്ധതി പുരോഗതി സംബന്ധിച്ച കണക്കുകൾ കലക്ടർമാർ എംപിമാർക്കു ലഭ്യമാക്കണം. 

∙ എംപിമാർ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ പാർട്ടികൾ സ്വന്തം വെബ്സൈറ്റിൽ ലഭ്യമാക്കണം. 

∙ എംപിക്കോ ബന്ധുക്കൾക്കോ ഗുണം ലഭിക്കുന്ന പദ്ധതികൾ തടയാനും ഫണ്ട് സ്വകാര്യ ട്രസ്റ്റുകളിലേക്കു വകമാറ്റുന്നവരെ പിടികൂടാനും കർശന നിയമം ആവശ്യം. 

∙ പദ്ധതി നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സ്ഥാപനത്തിന്റെ യോഗ്യതയും മുൻപരിചയവും പരിശോധിക്കണം. 

∙ ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദ റിപ്പോർട്ട് ഓരോവർഷവും സേവന കാലാവധിയുടെ അവസാനവും എംപിമാർ ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും കൈമാറണം. 

ഉപയോഗിക്കാതെ കേരള എംപിമാരുടെ 118.36 കോടി

കേരളത്തിലെ സിറ്റിങ് ലോക്സഭാ എംപിമാരുടേതായി വിനിയോഗിക്കാതെ വിവിധ ജില്ലകളിലായി ബാക്കിയുള്ള തുക 72.37 കോടി രൂപ. സിറ്റിങ് രാജ്യസഭാ എംപിമാരുടേതു 45.99 കോടി. 

എംപി ഫണ്ടിൽ ജില്ലാ ഭരണകൂടങ്ങളുടെ കൈവശം ബാക്കിയുള്ള തുകയുടെ കണക്ക് കഴിഞ്ഞ ദിവസമാണു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ടത്. നിലവിലെ ലോക്സഭാംഗങ്ങളുടേതായി രാജ്യത്താകെ 2140.05 കോടിയും രാജ്യസഭാംഗങ്ങളുടേതായി 1774.67 കോടിയുമാണു വിനിയോഗിക്കാതെ കിടക്കുന്നത്. ഇരു പട്ടികയിലും ഒന്നാമതു യുപിയാണ്– ലോക്സഭ: 354.57 കോടി, രാജ്യസഭ: 252.26 കോടി. ലോക്സഭയിലെ കണക്കിൽ മഹാരാഷ്ട്രയും (185.08 കോടി) ബംഗാളുമാണ് (176.76 കോടി) അടുത്ത സ്ഥാനങ്ങളിൽ.