അഗർത്തല (ത്രിപുര) ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു സഹോദരൻ ഓട്ടോറിക്ഷ ഡ്രൈവറാണെന്നും മറ്റൊരാൾ പലചരക്കു വ്യാപാരിയാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. പാക് ഭീകര താവളങ്ങളിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷികാഘോഷ ചടങ്ങിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ എളിയ പശ്ചാത്തലം സൂചിപ്പിക്കാൻ മുഖ്യമന്ത്രി ഉദാഹരണം നിരത്തിയത്.
മോദിയോടു മുഖ സാദൃശ്യമുള്ള ഓട്ടോ ഡ്രൈവറുടെ ചിത്രം രണ്ടു വർഷം മുൻപു സമൂഹ മാധ്യമങ്ങളിൽ വൻപ്രചാരം നേടിയിരുന്നു. ഇതു മോദിയുടെ സഹോദരനാണെന്നു തെറ്റിദ്ധരിച്ചാണു ബിപ്ലബിന്റെ പ്രസംഗമെന്നാണു സൂചന. താറാവുകൾക്കു ജലത്തിലെ ഓക്സിജന്റെ അളവ് ഉയർത്താൻ കഴിവുണ്ടെന്നും മഹാഭാരതകാലത്ത് ഉപഗ്രഹ സാങ്കേതികവിദ്യയുണ്ടായിരുന്നെന്നും അതിപുരാതന കാലത്തുതന്നെ ഇന്ത്യയിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നുവെന്നും മുൻപ് ബിപ്ലബ് പറഞ്ഞതു വാർത്താപ്രാധാന്യം നേടിയിരുന്നു.