അഹമ്മദാബാദ്∙ സർദാർ പട്ടേലിന്റെ പ്രതിമാസമുച്ചയം രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാകുമെന്നു പ്രതീക്ഷ. ദിവസം 10,000 സന്ദർശകരെയാണു പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
2989 കോടി രൂപ ചെലവിൽ മൂന്നരവർഷം കൊണ്ടാണു 182 മീറ്റർ നീളമുള്ള പട്ടേൽ പ്രതിമയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. കാൽലക്ഷത്തോളം മെട്രിക് ടൺ സിമന്റും കാൽ ലക്ഷത്തോളം ടൺ വെങ്കലവും അയ്യായിരത്തോളം മെട്രിക് ടൺ ഉരുക്കും ഉപയോഗിച്ചായിരുന്നു നിർമാണം. 2013 ഒക്ടോബർ 31 ന് അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി തന്നെയാണു ശിലാസ്ഥാപനം നടത്തിയത്. എൽ ആൻഡ് ടിയ്ക്കായിരുന്നു നിർമാണച്ചുമതല. പ്രശസ്ത ശിൽപ്പി റാം സുതാറിന്റേതാണു രൂപകൽപന. ചൈനയിൽ വച്ചാണു ശിൽപഭാഗങ്ങൾ നിർമിച്ചതെന്ന ആരോപണം വിവാദമായിരുന്നു.
ഇന്നു മുതൽ കാണാം; ടിക്കറ്റെടുക്കണം
സർദാർ പട്ടേൽ പ്രതിമ കാണാൻ ടിക്കറ്റുണ്ട്. പുറമെ നിന്നു കാണാൻ 120 രൂപയാണു നിരക്ക്. പ്രതിമയുടെ അകത്തു കയറാൻ 350 രൂപയും. ഉള്ളിൽ 135 മീറ്റർ ഉയരത്തിൽ ഗാലറിയുണ്ട്. ഇവിടെ കയറിയാൽ പുറം കാഴ്ചകൾ കാണാം. ഗുജറാത്ത് ടൂറിസം വകുപ്പ് ശ്രേഷ്ഠ ഭാരത് ഭവൻ എന്ന പേരിൽ ഗെസ്റ്റ് ഹൗസ് പണികഴിപ്പിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും ഗെസ്റ്റ് ഹൗസുകൾ നിർമിക്കാൻ ക്ഷണിച്ചിട്ടുണ്ട്.
രണ്ടു ടെന്റ് സിറ്റികളും പദ്ധതിയിലുണ്ട്. ആധുനിക സൗകര്യങ്ങളുള്ള 250 ടെന്റുകൾ ഇവിടെയുണ്ടാകും. ഇവിടങ്ങളിൽ സഞ്ചാരികൾക്കു താമസിക്കാം. നർമദയുടെ തീരത്ത് 17 കിലോമീറ്റർ നീളത്തിൽ പൂക്കളുടെ താഴ്‍വരയും നിർമാണത്തിലാണ്. ഇന്നു മുതൽ പ്രതിമാ സമുച്ചയം പൊതുജനങ്ങൾക്കായി തുറക്കും.
ഉചിതമായ സ്മാരകം: പട്ടേൽ കുടുംബം
സർദാർ പട്ടേലിനുള്ള ഉചിതമായ സ്മാരകമാണ് ഏകതാ പ്രതിമയെന്ന് അദ്ദേഹത്തിന്റെ കുടുംബം. പുതുതലമുറക്ക് അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയാനുള്ള വലിയ അവസരമാകും ഇത്. കോൺഗ്രസ് അദ്ദേഹത്തിനു വേണ്ടി ഇതുപോലെ ഒന്നും ചെയ്തില്ലെന്നു പട്ടേലിന്റെ ജ്യേഷ്ഠൻ സോമഭായ് പട്ടേലിന്റെ ചെറുമകൻ ധീരുഭായ് പട്ടേൽ പറഞ്ഞു. 91 വയസ്സുള്ള ധീരുഭായ് ഉദ്ഘാടനച്ചടങ്ങിൽ പ്രത്യേക ക്ഷണിതാവായിരുന്നു.
വാരാണസിയിൽനിന്ന് പ്രത്യേക ട്രെയിൻ
ന്യൂഡൽഹി∙ സർദാർ പട്ടേലിന്റെ പ്രതിമാ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാമണ്ഡലമായ വാരാണസിയിൽനിന്നു പ്രത്യേക ട്രെയിൻ സർവീസ് നടത്തി. 10,000 പേരാണ് ഈ ട്രെയിനിൽ നർമദയിലെത്തിയത്.
70 ഗ്രാമങ്ങളിൽ പ്രതിഷേധം
ആദിവാസി വിഭാഗക്കാരുടെ താൽപര്യങ്ങളെ അവഗണിച്ചാണു പ്രതിമാ നിർമാണമെന്ന് ആരോപിച്ച് എഴുപതോളം ഗ്രാമങ്ങളിൽ അടുക്കളയടപ്പു സമരം നടത്തി. നർമദാ നദീതീരത്തെ 22 ഗ്രാമമുഖ്യന്മാർ പ്രധാനമന്ത്രിയെ ബഹിഷ്കരിക്കുമെന്ന് അറിയിച്ചു നേരത്തേ കത്തെഴുതിയിരുന്നു.