ന്യൂഡൽഹി∙ നോട്ടുനിരോധനത്തിനെതിരായ പ്രചാരണം കോൺഗ്രസ് ശക്തമാക്കുന്നതിനിടെ ബദൽ പ്രചാരണവുമായി ബിജെപി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾക്കു കോൺഗ്രസ് മറുപടി നൽകണമെന്നു ബിജെപി ആവശ്യപ്പെട്ടു. ബിജെപി വക്താവും ഐടി സെൽ മേധാവിയുമായ അമിത് മാളവ്യ ട്വിറ്ററിൽ തുടങ്ങിവച്ച പ്രചാരണമാണു പാർട്ടി ഏറ്റെടുത്തത്.
ചോദ്യങ്ങളിൽ ചിലത്
∙ എല്ലാ അഴിമതി വിരുദ്ധ നടപടികൾക്കെതിരെയും കോൺഗ്രസ് പ്രതിഷേധിക്കുന്നു. എന്താണ് അവർ ഭയക്കുന്നത്?
∙ അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന മുൻ ധനമന്ത്രി നയപരമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?
∙ രണ്ടു വർഷത്തിനിടെ ആദായനികുതി ഒടുക്കുന്നവരുടെ എണ്ണം രണ്ടു കോടി വർധിച്ചതിനെയാണോ എതിർക്കുന്നത്?
∙ സമ്പദ്വ്യവസ്ഥയെ നിയമവിധേയമാക്കി സാധാരണക്കാരെ ശാക്തീകരിക്കുന്ന നോട്ടുനിരോധനത്തെയാണോ എതിർക്കുന്നത്?
∙ലോകമെങ്ങും ഇന്ത്യയുടെ സമ്പദ്ശക്തി അംഗീകരിക്കപ്പെടുന്നതിൽ എന്തിനാണ് അസന്തുഷ്ടി?
∙ ചെറുകിട വ്യവസായികൾക്കു വേണ്ടിയും കള്ളപ്പണം ഇല്ലാതാക്കാനും കോൺഗ്രസ് ചെയ്തതെന്ത്?