ന്യൂഡൽഹി ∙ നോട്ടുകൾ പിടിച്ചെടുക്കലല്ല, പണം ഒൗപചാരിക സമ്പദ്‌വ്യവസ്ഥയിലേക്കു കൊണ്ടുവരികയും പണം കൈവശം വച്ചിരുന്നവരെക്കൊണ്ടു നികുതി അടപ്പിക്കുകയുമായിരുന്നു നോട്ട് നിരോധനത്തിന്റെ വിശാല ലക്ഷ്യമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.
നോട്ടുകളത്രയും ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടുവെന്നതു കാര്യമറിയാതെയുള്ള വിമർശനമാണെന്നു ജയ്റ്റ്ലി അവകാശപ്പെട്ടു. കറൻസിയിൽ പണം കൈമാറുന്നതിൽനിന്ന് ഡിജിറ്റൽ ഇടപാടിലേക്കു ഇന്ത്യയെ മാറ്റുന്നതിന് സംവിധാനത്തെ ഉലയ്ക്കേണ്ടത് ആവശ്യമായിരുന്നു. ഇതു നികുതി വരുമാനം വർധിക്കാനും നികുതി മേഖല വലുതാക്കാനും സഹായിക്കും. നിരോധനം വന്നപ്പോൾ, പണം കൈവശം വച്ചിരുന്നവർ അതു ബാങ്കിൽ നിക്ഷേപിക്കാൻ നിർബന്ധിതരായി. സംശയസ്വഭാവമുള്ള 17.42 ലക്ഷം അക്കൗണ്ടുകൾ കണ്ടെത്തി. നിയമലംഘകർക്കെതിരെ നടപടിയുണ്ടായി– അദ്ദേഹം പറഞ്ഞു.