ന്യൂഡൽഹി∙ അടുത്ത റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റമഫോസ പങ്കെടുക്കുമെന്നു സൂചന. ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ആഫ്രിക്കൻ നേതാക്കൾ ഉൾപ്പെടെ ഏതാനും പ്രമുഖർ പരിഗണനയിലുണ്ടെന്നു സർക്കാർ വിശദീകരിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്ഷണം നിരസിച്ച സാഹചര്യത്തിലാണ് അതിഥിയെ തേടി സർക്കാർ ആഫ്രിക്കയിലേക്കു കണ്ണയയ്ക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ. ഊർജ, സാങ്കേതിക രംഗങ്ങളിലെ സഹകരണത്തോടെ മേഖലയിൽ സ്വാധീനം വർധിപ്പിക്കുന്നതിനാണു മുൻഗണന. ചൈന ആഫ്രിക്കൻ രാജ്യങ്ങളിൽ വൻ തോതിൽ മുതൽമുടക്കുന്നുണ്ട്.
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം ലഭിക്കാനും ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണയാണാവശ്യം. റമഫോസ അതിഥിയായെത്തുന്നത് ഈ വഴിക്കുള്ള നീക്കങ്ങൾക്കും ഉണർവേകും.