ന്യൂഡൽഹി∙ രാജ്യമാകെ വിവിധ ട്രെയിനുകളിൽ നിന്ന് ഒരൊറ്റ വർഷം മാത്രം മോഷണം പോയത് 14 കോടി രൂപ വില വരുന്ന 21 ലക്ഷം ബെഡ്ഷീറ്റുകളും തലയണക്കവറുകളും മറ്റും. എസി കോച്ചുകളിലെ യാത്രക്കാരെയാണ് സംശയിക്കുന്നത്. 2017–18 ൽ 12,83,415 ടവലുകൾ, 4,71,077 ബെഡ് ഷീറ്റുകൾ, 3,14,952 തലയണക്കവറുകൾ, 56,287 തലയണകൾ, 46,515 പുതപ്പുകൾ എന്നിവയാണ് അപ്രത്യക്ഷമായത്.
സതേൺ സോണിൽ മാത്രം 2,04,113 ടവലുകൾ, 29,573 ബെഡ്ഷീറ്റുകൾ, 44,868 തലയണക്കവറുകൾ, 3,713 തലയണകൾ, 2,745 പുതപ്പുകൾ എന്നിവ കളവു പോയി. ടോയ്‌ലറ്റ് മഗ്, ഫ്ളഷ് പൈപ്പ്, കണ്ണാടി എന്നിവയെല്ലാം പതിവായി കാണാതാവുന്നുണ്ടെങ്കിലും ഇത്രയേറെ ബെഡ് റോൾ ഇനങ്ങൾ കാണാതാവുന്നതാണ് റെയിൽവേയെ ബുദ്ധിമുട്ടിക്കുന്നത്.
2 ബെഡ് ഷീറ്റ്, ഓരോ ടവൽ, തലയണ, പുതപ്പ് എന്നിവയാണ് എസി കോച്ചിലെ യാത്രക്കാർക്ക് നൽകുന്നത്. ഇതിനു തന്നെ പ്രതിദിനം 3.9 ലക്ഷം സെറ്റ് വേണം. മോഷണം നിയന്ത്രണാതീതമായതിനെ തുടർന്ന് ടവലുകൾക്കു പകരം നാപ്കിനുകൾ നൽകാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
പുതപ്പുകൾ കഴുകുന്നതിന്റെ സമയപരിധി കുറച്ചുകൊണ്ടുവരാനും ഇപ്പോഴുള്ളവയ്ക്കു പകരം ഭാരം കുറഞ്ഞവ നൽകാനും ശ്രമം തുടങ്ങിയിട്ടുണ്ട്.