ഭോപാൽ ∙ കോൺഗ്രസ് തട്ടിപ്പു പാർട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ പ്രകടനപത്രികയിൽ ഗോരക്ഷ പറയുന്നവരുടെ നേതാക്കൾ കേരളത്തിൽ റോഡിൽ പരസ്യമായി ഗോവധം നടത്തുകയും ബീഫ് കഴിക്കുന്നതിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ ലോക്സഭാ മണ്ഡലമായ ചിന്ദ്‌വാരയിൽ പ്രസംഗിക്കുകയായിരുന്നു മോദി. ‘തട്ടിപ്പ് കോൺഗ്രസിന്റെ അടിസ്ഥാന സ്വഭാവമാണ്. ഈ രാജ്യത്താരും അവരെ വിശ്വസിക്കില്ല. മധ്യപ്രദേശ് ജനതയ്ക്ക് കള്ള വാഗ്ദാനങ്ങൾ നൽകുന്ന കൊള്ളക്കാരാണ് അവർ’– മോദി ആരോപിച്ചു.
4 തലമുറയായി ഒരു കുടുംബമാണ് ഇന്ത്യ ഭരിക്കുന്നത്. ഇത്രയും കാലം അവർ എന്തു ചെയ്തുവെന്നതിന്റെ രേഖ അവർ പുറത്തുവിടട്ടെ. ഈ സർക്കാരാണ് പാവങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളത്. മധ്യപ്രദേശിൽ 20 ലക്ഷം പേർക്ക് വീടു നൽകി. 50 ലക്ഷം പേർക്ക് പാചകവാതക കണക്‌ഷൻ നൽകി.– മോദി പറഞ്ഞു.
മോദിയുടെ പ്രസംഗത്തിനുശേഷം കോൺഗ്രസ് നേതാക്കൾ ഇലക്‌ഷൻ കമ്മിഷനു പരാതി നൽകി. കമൽനാഥിനെ വ്യക്തിപരമായി തേജോവധം ചെയ്തുവെന്നാണ് പരാതി. സ്ഥാനാർഥിയുടെ സ്വഭാവമല്ല, ജയസാധ്യതയാണ് നോക്കേണ്ടതെന്നും ഗുണ്ടകളുടെയോ സാമൂഹിക വിരുദ്ധരുടെയോ സഹായത്തോടെയായാലും തിരഞ്ഞെടുപ്പിൽ ഏതു വിധേനയും ജയിക്കണമെന്നും കമൽനാഥ് പറയുന്ന വിഡിയോയുടെ കാര്യം മോദി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഇതു വ്യാജ വിഡിയോ ആണെന്നാണ് കോൺഗ്രസിന്റെ വാദം.
സോണിയയ്ക്കായി ദലിതനായ കേസരിയെ പുറത്താക്കി: മോദി
മഹാസമുന്ദ് (ഛത്തീസ്ഗഡ്) ∙ ദലിത് നേതാവായ സീതാറാം കേസരിയെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചില്ലെന്നും സോണിയ ഗാന്ധിക്കു വഴിയൊരുക്കാനായി തൽസ്ഥാനത്തുനിന്ന് പുറത്താക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 4 തലമുറയായി രാജ്യം ഭരിച്ച കുടുംബം അവരുടെ ക്ഷേമം മാത്രമാണ് നോക്കിയതെന്നും ആ കുടുംബത്തിൽ പെടാത്ത, കഴിവുള്ള ആരെയെങ്കിലും കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റാക്കണമെന്നും അദ്ദേഹം പറഞ്ഞു.