Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ അംബിയണ്ണ; മണ്ഡ്യയുടെ വീരപുരുഷൻ

Ambarish

1974. ജയിംസ് ഹാഡ്‌ലി ചേസിന്റെ നോവൽ എൻ. ശങ്കരൻ നായർ മലയാള സിനിമയാക്കുന്നു, പേര് വിഷ്ണുവിജയം. വില്ലൻ വേഷത്തിന് ആളെ കിട്ടിയിട്ടില്ല. ഇംഗ്ലിഷ് എംഎ പാസ്സായ ശേഷം സിനിമാഭ്രാന്തു പിടിച്ചു നടക്കുന്ന ഇരുപത്തിമൂന്നുകാരനെ സംവിധാനസഹായി പരിചയപ്പെട്ടത് ബെംഗളൂരു യാത്രയ്ക്കിടെ. കന്നഡ സിനിമയിൽ ചെറിയ വേഷം ചെയ്യുന്നു. പേര് അമർനാഥ്. മിടുക്കനെന്നു കണ്ടതോടെ വില്ലൻ റോൾ കൊടുത്തു. ചിത്രം പുറത്തുവന്നപ്പോൾ സുന്ദരവില്ലനെ എല്ലാവർക്കും പിടിച്ചു. ആ അമർനാഥാന് പിന്നീടു കന്നഡ സിനിമയെ കയ്യിലെടുത്ത ‘റിബൽ സ്റ്റാർ’ അംബരീഷ്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ (1982) എന്ന സിനിമയിലൂടെയും മലയാളത്തിനു സുപരിചിതൻ.  

35 വർഷം കന്നഡ സിനിമയിൽ നിറഞ്ഞുനിന്ന അദ്ദേഹത്തെ ആരാധകർ വിളിച്ചു, ‘അംബിയണ്ണ’. രാഷ്ട്രീയത്തിലും താരപദവി സ്വന്തമാക്കിയപ്പോൾ അണികൾ വിളിച്ചു, ‘മണ്ഡ്യദ ഗണ്ഡു’ മണ്ഡ്യയുടെ വീരപുരുഷൻ. അദ്ദേഹം നായകനായി ഇതേപേരിൽ ഇറങ്ങിയ സിനിമയുടെ പേര് കടമെടുക്കുകയായിരുന്നു അനുയായികൾ. സിനിമയിലും രാഷ്ട്രീയത്തിലും പൊതുവേദിയിലും പലതിനെയും വെല്ലുവിളിച്ചപ്പോൾ മറ്റൊരു പേരുകൂടി വീണു, കർണാടകയുടെ കർണൻ. 

യഥാർഥ പേര് മലവള്ളി ഹുച്ചേഗൗഡ അമർനാഥ് എന്ന്. സുപ്രസിദ്ധ വയലിൻ വിദ്വാൻ ടി. ചൗഡയ്യയുടെ പേരമകൻ. ഹുച്ചേ ഗൗഡയുടെയും പത്മമ്മയുടെയും ഏഴുമക്കളിൽ ആറാമത്തെയാളായി മണ്ഡ്യജില്ലയിലെ ദൊഡ്ഡനരസിക്കരയിൽ 1952ൽ ജനനം.  1972ൽ നാഗരഹാവു എന്ന സിനിമയിലെ ചെറിയ വില്ലൻ റോളിൽ അരങ്ങറുമ്പോൾ പിന്നീടു സൂപ്പർതാരമായി മാറിയ വിഷ്ണുവർധനും അതേ സിനിമയിൽ ഒപ്പം അരങ്ങേറി. ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. 

മലയാളത്തിലെ സൂപ്പർഹിറ്റ് ജോഷി ചിത്രം ന്യൂഡൽഹിയുടെ കന്നഡ റീമേക്കിൽ നായകനായി അഭിനയിക്കുമ്പോഴാണ് അംബരീഷ്, നായിക സുമലതയുമായി അടുത്തത്. 1991ൽ വിവാഹം. 2016ൽ പുറത്തിറങ്ങിയ ‘രാജസിംഹ’യാണ് അവസാന ചിത്രം. ചിത്രീകരണം നടക്കുന്ന ചിത്രം ‘കുരുക്ഷേത്ര’യിൽ ഭീഷ്മരായി വേഷമിടുന്നുണ്ടായിരുന്നു. 

ശ്വാസകോശ–വൃക്കരോഗത്തിന്റെ പിടിയിലായിരുന്നു അംബരീഷ്. കടുത്തപ്രമേഹവും അലട്ടി. 2014ൽ രോഗം അതീവഗുരുതരമായി. അതോടെ  ദിവസങ്ങളോളം വെന്റിലേറ്ററിലായി.

ഓരോ തവണ അദ്ദേഹം ആശുപത്രിയിലായപ്പോഴും ആരാധകർ പൂജയും പ്രാർഥനയുമായി വീടിനു മുന്നിൽ തടിച്ചുകൂടി. ഇന്നലെ മരണവാർത്ത അറിഞ്ഞയുടൻ ആശുപത്രിയിലേക്കും വൻജനപ്രവാഹമായിരുന്നു, അംബിയണ്ണയെ ഒരുനോക്കുകാണാൻ. 

മടക്കം, കോൺഗ്രസിനോട് പരിഭവിച്ച്

ഇക്കുറി നിയമസഭയിലേക്കു സീറ്റുണ്ടെന്ന് അംബരീഷിനെ വിളിച്ചു പറഞ്ഞതാണു കോൺഗ്രസ് നേതൃത്വം. പക്ഷേ, മറുവശത്തു മൗനം.വിശ്വസ്തർക്കു സീറ്റ് നൽകാത്തതാണു പിണക്കത്തിനു കാരണമെന്നു കരുതി അനുനയിപ്പിക്കാൻ പലകുറി ശ്രമിച്ചെങ്കിലും ആരെയും കാണാൻ പോലും കൂട്ടാക്കിയില്ല. 

മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്‌ണയെ പിണക്കി ബലംപിടിച്ചാണു 2013ൽ മണ്ഡ്യ സീറ്റിൽ അംബരീഷ് മൽസരിച്ചതും ജയിച്ചതും. കർണാടകയിലെ പ്രബലമായ വൊക്കലിഗ സമുദായാംഗം. സിനിമയിലെ താരത്തിളക്കത്തിൽ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം അവിടെയും താരമായി തന്നെ വാണു. ഇഷ്ടമില്ലാത്തവരോടു കലഹിച്ചു, സ്ഥാനങ്ങൾ കിട്ടാത്തപ്പോൾ പരിഭവിച്ചു.അപ്പോഴൊക്കെ ബലം വൻ ആരാധകവൃന്ദത്തിന്റെ പിന്തുണതന്നെയായിരുന്നു.

ഇപ്പോൾ കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ ചുമതല വഹിക്കുന്ന ദിവ്യസ്പന്ദനയ്ക്കു നേരത്തേ മണ്ഡ്യയിൽ ലോക്സഭാ സീറ്റ് കൊടുത്തപ്പോഴും അംബി പിണങ്ങി. പിന്നെ വീണ്ടും ഇണങ്ങി.  സിദ്ധരാമയ്യ സർക്കാരിലെ ഭവനമന്ത്രിസ്ഥാനം ഇടയ്ക്കു നീക്കിയപ്പോൾ പക്ഷേ, വട്ടമുടക്കി. പിന്നെ ഇണങ്ങാൻ നിന്നില്ല. 

കേന്ദ്രസഹമന്ത്രിയായിരിക്കെ കാവേരി വിധിയിൽ പ്രതിഷേധിച്ചു രാജിവച്ചതും സിനിമാ സ്റ്റൈലിൽ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത രാജി പ്രഖ്യാപനം. തമിഴ്‌നാടിന് കാവേരിജലം വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് 2002ൽ ലോകസഭാംഗത്വം രാജിവച്ചിരുന്നെങ്കിലും രാജി സ്വീകരിച്ചിരുന്നില്ല.