ജയ്പുർ∙ മധ്യപ്രദേശിൽ നാളെ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അയൽസംസ്ഥാനമായ രാജസ്ഥാനിൽ ആക്രമണം കടുപ്പിച്ച് ബിജെപിയും കോൺഗ്രസും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആറിടങ്ങളിൽ റാലികൾ നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിക്കുവേണ്ടി റാലികൾ നയിച്ചു.
നരേന്ദ്ര മോദി ഭിൽവാഡ, ദുൻഗാർപുർ, കോട്ട എന്നിവിടങ്ങളിലും രാജ്നാഥ് സിങ് ധോൽപുരിലെ രാജാഖേഡ, ബസേദി, ജയ്പുരിലെ വിരാട്നഗർ മണ്ഡലങ്ങളിലും യോഗി ആദിത്യനാഥ് പൊഖ്റാനിലും പൊതുയോഗങ്ങളിൽ പ്രസംഗിച്ചു.
അജ്മേറിൽ ക്വാജ മൊയ്നുദീൻ ഛിസ്തിയുടെ ദർഗയിലും പുഷ്കർ ബ്രഹ്മാവിന്റെ ക്ഷേത്രത്തിലും പ്രാർഥന നടത്തി രാജസ്ഥാൻ പര്യടനം ആരംഭിച്ച രാഹുൽ ഗാന്ധി തുടർന്നു പൊഖ്റാനിൽ പൊതുയോഗത്തിൽ പങ്കെടുത്തു.
‘മാഡം’ റിമോട്ട് കൺട്രോളിലൂടെ രാജ്യം ഭരിച്ചു : മോദി
കോൺഗ്രസിന്റെ കാലത്താണു മുംബൈ ആക്രമണം ഉണ്ടായതെന്നു തുടങ്ങി അഴിമതിയും തനിക്കു നേരേയുള്ള ജാതി പരാമർശം വരെ വിഷയമാക്കിയാണു പ്രധാനമന്ത്രി മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
മുംബൈ ആക്രമണം നടക്കുമ്പോൾ തിരഞ്ഞെടുപ്പു പ്രചാരണം നടക്കുകയായിരുന്നു. അന്ന് റിമോട്ട് കൺട്രോളിലൂടെ രാജ്യം ഭരിച്ചിരുന്നതു ‘മാഡം’ ആണ്. ആക്രമണത്തെ വിമർശിക്കാൻ ആരെങ്കിലും ധൈര്യം കാണിച്ചാൽ അവരെ നിശബ്ദരാക്കാനാണ് അന്നത്തെ കൊട്ടാരവാസികൾ ശ്രമിച്ചത്. തന്റെ ഭരണകാലത്തു ഭീകരാക്രമണം കുറഞ്ഞതായും മോദി അവകാശപ്പെട്ടു.
‘തിരഞ്ഞെടുപ്പു അടുത്തപ്പോൾ എന്റെ ജാതി ഏതെന്നും പിതാവ് ആരെന്നുമാണു കോൺഗ്രസ് ചോദിക്കുന്നത്. സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ രാജ്യം മുഴുവൻ അഭിമാനിച്ചു. എന്നാൽ കോൺഗ്രസ് അതിനു വീഡിയോ തെളിവുകൾ ചോദിക്കുകയാണു ചെയ്തത്’ – ഭിൽവാഡയിലെ പൊതുയോഗത്തിൽ മോദി കുറ്റപ്പെടുത്തി.
ബിജെപി അധികാരത്തിൽ എത്തിയതോടെ 90,000 കോടി രൂപയുടെ അഴിമതി തടഞ്ഞതായും മോദി അവകാശപ്പെട്ടു.
10 ദിവസത്തിനകം കാർഷിക കടാശ്വാസം: രാഹുൽ
കോൺഗ്രസ് അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക കടാശ്വാസം പ്രഖ്യാപിക്കുമെന്നു രാഹുൽ ഗാന്ധി ആവർത്തിച്ചു. പഞ്ചാബിലും കർണാടകത്തിലുമുള്ള കർഷകരെ വിളിച്ചു ചോദിച്ചോളൂ. ഞങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടെന്നു വ്യക്തമാകും. കോൺഗ്രസ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകാറില്ല. ഞങ്ങൾ നൽകുന്ന ഓരോ വാഗ്ദാനവും പാലിക്കപ്പെട്ടിരിക്കും. യുവാക്കളും കർഷകരും സ്ത്രീകളും ചെയ്ത കഠിനമായ പ്രയത്നത്തിലൂടെയാണു രാജ്യം ഇന്നത്തെ ഉന്നതിയിൽ എത്തിയിരിക്കുന്നത്. എന്നാൽ താൻ പ്രധാനമന്ത്രിയാകും വരെ ഇന്ത്യയിലുണ്ടായിരുന്ന ആരും ഒന്നും ചെയ്തിട്ടില്ലെന്നാണു മോദി പറയുന്നത്. ഇത് ഈ മഹാരാജ്യം കെട്ടിപ്പടുത്ത മുൻതലമുറയിലെ എല്ലാ ഇന്ത്യക്കാരോടുമുള്ള അവഹേളനമാണ്.
കശ്മീരി പണ്ഡിറ്റുകളുടെ ജാതിയായ കൗൾ ബ്രാഹ്മണൻ ആണു താനെന്നു രാഹുൽ ഗാന്ധി. പുഷ്കറിലെ ബ്രഹ്മാവിന്റെ ക്ഷേത്രത്തിൽ നടന്ന പൂജയിലാണു രാഹുൽ ഗാന്ധി ജാതി വെളിപ്പെടുത്തിയത്.